തിരുവില്വാമലയിൽ പുനർജനി നൂഴാൻ ഭക്തജനത്തിരക്ക്
1486433
Thursday, December 12, 2024 4:05 AM IST
സ്വന്തം ലേഖകൻ
തിരുവില്വാമല: പാപമുക്തിതേടി നൂറുകണക്കിനു ഭക്തർ പുനർജനി നൂഴാൻ വില്വമലയിൽ എത്തി.
ഗുരുവായൂർ ഏകാദശികൂടിയായ വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിനാളിൽ പുനർജനി പുണ്യംതേടി വിശ്വാസികൾ അതിരാവിലെ മുതൽതന്നെ ഊഴംകാത്ത് ഗുഹാമുഖത്ത് എത്തിയിരുന്നു.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീവില്വാദ്രിനാഥക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട മേൽശാന്തിമാർ ഗുഹാമുഖത്തെത്തി പ്രത്യേകപൂജകൾനടത്തി നെല്ലിക്ക ഉരുട്ടിയാണ് നൂഴൽ ആരംഭിച്ചത്. പതിവുതെറ്റിക്കാതെ പാറപ്പുറത്ത് ചന്തു ആദ്യം ഗുഹയിൽ പ്രവേശിച്ചു. പിന്നീട് ഒരോരുത്തരായി അകത്തുകടന്നു മറുവശത്തെ ഗുഹാമുഖത്തുകൂടി പുറത്തേക്കുവന്നു.
പുനർജനി നൂഴ്ന്നുവരുന്നവരെക്കാത്ത് ഉറ്റവർ ഗുഹാമുഖത്ത് പ്രാർഥനാപൂർവം നിന്നിരുന്നു.
ഗ്രാമപഞ്ചായത്ത്, കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവരുടെ സേവനം മുഴുവൻസമയവും ഉണ്ടായിരുന്നു. പാമ്പാടി വില്വാദ്രി ലയൺസ് ക്ലബ് നൂഴാനെത്തിയവർക്ക് സംഭാരവുംനൽകി. മലേശമംഗലം റോഡിൽനിന്നു ഗുഹയിലേക്കുള്ള വഴിയിൽ പഞ്ചായത്ത് ഒരുക്കിയ പവലിയനിൽ ആരോഗ്യപ്രവർത്തകരുടെ സേവനവും ആംബുലൻസ് സൗകര്യവും ഉണ്ടായിരുന്നു. പോലീസ്, അഗ്നിരക്ഷാസേന, ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി. മലമുകളിൽ പുനർജനി നൂഴാനും കാണാനുമെത്തിയ ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും നൽകിയ സേവാഭാരതിയുടെ സേവനവും ശ്രദ്ധേയമായി.
ക്ഷേത്രത്തിൽ രാവിലെ മേളത്തോടെയുള്ള കാഴ്ചശീവേലി, വൈകീട്ട് വിളക്കുവയ്പ്, ഏകാദശി നോറ്റവർക്ക് ലഘുഭക്ഷണവിതരണം എന്നിവയും നടന്നു.