മാധ്യമങ്ങള്‍ നീതിക്കുവേണ്ടി ശബ്ദിക്കണം: മാര്‍ കണ്ണൂക്കാടന്‍
1485886
Tuesday, December 10, 2024 7:05 AM IST
ഇരിങ്ങാലക്കുട: മാധ്യമങ്ങള്‍ നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങള്‍ക്കായി പോരാടുന്നവരുടെയും ശബ്ദമാകണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇക്കാരൃത്തില്‍ ക്രൈസ്തവമാധ്യമങ്ങള്ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട രൂപതയുടെ കേരളസഭ കുടുംബസം ഗമവും അവാര്‍ഡ് ദാനവും ഉദ് ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
മാധ്യമങ്ങള്‍ ഭൂരിപക്ഷ, ന്യൂനപക്ഷവര്‍ഗീയതയെ എതിര്‍ക്കണം. സമൂഹത്തില്‍ ദൂര്ബലവിഭാഗങ്ങളുടെ പക്ഷത്തു നിലയുറപ്പിച്ചു മാധ്യമധര്‍മം നിര്‍വഹിക്കണം. മാനവിക മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന മാധ്യമങ്ങള്‍ക്ക് വിശ്വാസിസമൂഹം പിന്തുണ നല്‍കണമെന്നും വത്തിക്കാന്‍ സൂനഹദോസ് ചൂണ്ടിക്കാണിച്ച മാധ്യമപ്രേഷിതത്വത്തില് അങ്ങനെ പങ്കാളികളാകണമെന്നും മാര്‍ കണ്ണൂക്കാടന്‍ പറഞ്ഞു.
സേവനപുരസ്കാരം മോതിരക്കണ്ണിയിലെ അമ്മ അഭയകേന്ദ്രം സ്ഥാപക ഡയറക്ടറും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ മേരി പാസ്റ്ററിനും കെസിവൈഎം യുവപ്രതിഭ ജെറി ജോമോനും സമ്മാനിച്ചു. കേരളസഭാതാരം അവാർഡ് ഫാ. മാത്യു നായ്ക്കംപറന്പിലിനു പിന്നീട് സമ്മാനിക്കും.
വികാരി ജനറാൾ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. കേരളസഭ മാനേജിംഗ് ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, അസോസിയേറ്റ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ വടക്കുഞ്ചേരി, ഫാ. ജോജി പാലമറ്റത്ത്, ജോഷി പുത്തിരിക്കല്‍, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസ ജോസഫ്, ജോസ് തളിയത്ത്, ഫാ. ടിന്റോ കൊടിയന്‍ എന്നിവര്‍ പ്രസംഗിച്ചു.