തൊഴിലിടത്തു വളർത്തിയ സൗഹൃദത്തിന്റെ ശോഭയുമായി മദുര കോട്സ് ജീവനക്കാർ
1486211
Wednesday, December 11, 2024 7:18 AM IST
കൊരട്ടി: മധ്യകേരളത്തിലെ പ്രധാന വ്യവസായസ്ഥാപനമായിരുന്ന മദുര കോട്സ് അടച്ചുപൂട്ടിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടെങ്കിലും തൊഴിലിടത്ത് വളർത്തിയ സൗഹൃദത്തിന്റെ ശോഭയിൽ അവർ ഒത്തുകൂടി; ഗതകാല സ്മരണകൾ അയവിറക്കാനും സൗഹൃദത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കാനും. നാടിന് അഭിമാനമായി കൊരട്ടിയുടെ ദേശീയപാതയോരത്ത് പതിറ്റാണ്ടുകളോളം തലയുയർത്തിനിന്ന വ്യവസായ കേന്ദ്രമായിരുന്നു മദുരാകോട്സ്.
ഇവിടെ ജോലിചെയ്ത ട്വിസ്റ്റിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് സൗഹൃദങ്ങളുടെ ഊഷ്മളതയിൽ കുടുംബ സംഗമമൊരുക്കിയത്. കൂട്ടായ്മയുടെ 13-ാമത് സ്നേഹസംഗമം കെ.ആർ. തമ്പാൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി പ്രസിഡന്റ്് എ. നന്ദകുമാർ അധ്യക്ഷനായി.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ 18 സഹപ്രവർത്തകരെ അവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വേദിയിലൊരുക്കിയ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു.
80 വയസ് പൂർത്തിയാക്കിയ സഹപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പറും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ഡാർളി പോൾസൺ, എൻ. ഗോപാലകൃഷ്ണൻ, കെ.പി. ജോയ്, പി.പി. ജോയ്, പി.വി. ആന്റു, ജി.ടി. ദേവസി, രാജീവ് ഉപ്പത്ത്, എം.വി. രമ, ടി.കെ. മിനി എന്നിവർ പ്രസംഗിച്ചു.