മഴയുണ്ടായാൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ അനുമതി
1486439
Thursday, December 12, 2024 4:06 AM IST
തൃശൂർ: ജില്ലയിൽ മഴയെത്തുടർന്നു ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ പീച്ചി ഡാമിന്റെ ഷട്ടറുകൾ എട്ട് ഇഞ്ചുവരെ ഉയർത്താൻ കളക്ടർ അനുമതി നൽകി. ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കർശനനിയന്ത്രണങ്ങളോടെ കളക്ടർ അനുമതി നൽകിയത്. തൃശൂരിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിൽ ആവശ്യമായ മുന്നറിയിപ്പുനൽകിയും ഒരുഘട്ടത്തിൽ രണ്ട് ഇഞ്ചിൽ കൂടാത്തവിധത്തിലും ഡാമിന്റെ നാലു സ്പിൽവേ ഷട്ടറുകളും തുറക്കാമെന്നാണ് കളക്ടറുടെ ഉത്തരവ്. ഡാമിന്റെ റൂൾകർവ് ലെവൽ പാലിക്കാൻ തൃശൂർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകി.
വെള്ളം പുറത്തേക്കൊഴുകുന്പോൾ പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസറുമായി ആലോചിച്ചു പുഴയിൽനിന്നു ജലം പാടശേഖരങ്ങളിൽ കയറി കൃഷിനാശമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. മണലി, കരുവന്നൂർ പുഴയിലെ ജലനിരപ്പ് നിരീക്ഷിച്ചു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.