ബണ്ടിന്റെ ഉയരം കൂട്ടിയില്ല; വിതച്ച പാടശേഖരം വെള്ളത്തില്‍
1485716
Monday, December 9, 2024 8:04 AM IST
എടക്കുളം: ബണ്ടിന്റെ ഉയരംകൂട്ടാന്‍ അധികൃതര്‍ കനിയാതിരുന്നതിനാല് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പടിയൂര്‍ പൂമംഗലം കോള്‍പ്പടവിലെ മുപ്പത്തഞ്ചോളം ഏക്കര്‍ വെള്ളത്തിലായി. എടക്കുളം പടിഞ്ഞാറേ പാടശേഖരസംഘം ട്രില്ലര്‍ അടിച്ച് ഇത്തിള്ചിന്നി തയാറാക്കിയ നിലങ്ങളാണ് അവുണ്ടറചാലിന്റെ ബണ്ടിന്റെ ബലഹീനത കാരണം വെള്ളത്തിലായതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
പായമ്മല്‍ പുളിക്കല്‍ച്ചിറ പാലം പണിയുന്നതിനാല്‍ അവിടെ വെള്ളം ഒഴുകിപ്പോകാന്‍ സ്ഥാപിച്ച പൈപ്പുകളുടെ വ്യാസവും എണ്ണക്കുറവും തോടുകളില്‍ പുല്ലുംകാടും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതും കാരണമായി. മഴയൊഴിഞ്ഞിട്ടും വെള്ളത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. ഇതുവരെ 800 കിലോ വിത്ത് പാകിയതും വെള്ളത്തിലായി. മുന്‍വര്‍ഷങ്ങളിലെല്ലാം ബണ്ടിന്റെ ഉയരംകൂട്ടാന്‍ പഞ്ചായത്തിനെയും കൃഷിഭവനെയും രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. 2021 വരെ 24 വര്‍ഷം തരിശായി കാടുപിടിച്ചുകിടന്നിരുന്ന നിലങ്ങളാണ് കര്‍ഷകരും ഉടമകളും ചേര്‍ന്ന് സംഘം രൂപവത്കരിച്ച് പണിയാന്‍ ആരംഭിച്ചത്.
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഭാഗത്തുനിന്ന് ബണ്ടിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കൃഷിനിലങ്ങള്‍ തരിശായി ഇടുമെന്ന് കര്‍ഷകസംഘം മുന്നറിയിപ്പ് നല്കി.