ഏകാദശി ഇന്ന്, ഗുരുപവനപുരി ഭക്തിസാന്ദ്രം; പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തും
1486217
Wednesday, December 11, 2024 7:18 AM IST
ആർ. ജയകുമാർ
ഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന് ആഘോഷിക്കും. ഗുരുവായൂരപ്പനെ ദർശിച്ച് സായൂജ്യം നേടാൻ പതിനായിരങ്ങൾ ക്ഷേത്രസന്നിധിയിലെത്തും. ദേവസ്വം വകയായി ചുറ്റുവിളക്കോടെയാണ് ഇന്ന് ആഘോഷം നടക്കുന്നത്.
ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് ഗുരുവായൂർ ശശി മാരാർ മേളം നയിക്കും. രാവിലെ ആറിന് പാർഥസാരഥി ക്ഷേത്രത്തിലേക്കുനടക്കുന്ന എഴുന്നള്ളിപ്പിന് പല്ലശന മുരളി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമാണ്. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്ക് കുനിശേരി അനിയൻ മാരാരുടെ പഞ്ചവാദ്യവും രാത്രി വിളക്കെഴുന്നള്ളിപ്പിന് കക്കാട് രാജപ്പൻ മാരാരുടെ മേളവും ഉണ്ടാകും. സന്ധ്യക്ക് ക്ഷേത്രത്തിൽ ഗുരുവായൂർ ഗോപൻ മാരാർ തായമ്പക അവതരിപ്പിക്കും.
സന്ധ്യക്ക് പാർഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയും, തിരിച്ച് രഥഘോഷയാത്രയുമാണ്. പൂജകൾക്കല്ലാതെ ദ്വാദശി ദിവസം രാവിലെവരെ ക്ഷേത്രനട അടയ്ക്കില്ല.
ഉച്ചവരെ ദർശനത്തിനു പ്രത്യേക പരിഗണന ഇല്ല
ഗുരുവായൂർ: ക്ഷേത്രത്തിലെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് ദർശനം സുഗമമാക്കുന്നതിനായി രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞവർക്കുള്ള സ്പെഷൽ ദർശനം എന്നിവ അനുവദിക്കില്ല. നെയ് വിളക്ക് ശീട്ടാക്കുന്നവർക്ക് പ്രത്യേക ദർശനം അനുവദിക്കും. മറ്റൊരു പരിഗണനയും ഈസമയത്ത് അനുവദിക്കില്ല.
എകാദശിവിഭവങ്ങളോടെ പ്രസാദ ഊട്ട്
ഗുരുവായൂർ: ഏകാദശി വ്രതമെടുത്ത് ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്കായി ദേവസ്വം ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടാണ് നൽകുന്നത്. ഗോതമ്പു ചോറ്, രസകാളൻ, പുഴുക്ക്, വടുകപ്പുളി അച്ചാർ, ഗോതമ്പ് പായസം എന്നിവയാണ് വിഭവങ്ങൾ. അന്നലക്ഷ്മി ഹാൾ, ഹാളിനു പുറത്തെ പന്തൽ, തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ നടപ്പന്തൽ എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്. രാവിലെ ഒൻപതിന് തുടങ്ങും. 35,000 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്.
ചെമ്പൈ സംഗീതോത്സവം ഇന്നു രാത്രി സമാപിക്കും
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവം ഇന്നു രാത്രി സമാപിക്കും. രാത്രി 10ന് പ്രഗത്ഭരായ സംഗീതജ്ഞർ ഒരുമിച്ചിരുന്ന് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ചാണ് സംഗീതോത്സവത്തിന് സമാപനം കുറിക്കുന്നത്.
രാഗപ്രവാഹമായി പഞ്ചരത്നകീര്‍ത്തനാലാപനം
ഗുരുവായൂര്‍: കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭര്‍ ചേര്‍ന്നവതരിപ്പിച്ച പഞ്ചരത്ന കീര്‍ത്തനാലാപനം പാട്ടിന്റെ പാലാഴിയായി. ആസ്വാദകരുടെ വൻ തിരക്കാണ് ഇന്നലെ ഗുരുവായൂരിൽ അനുഭവപ്പെട്ടത്.
രാവിലെ ഒമ്പതിന് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിനുമുമ്പില്‍ സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണ് കീർത്തനാലാപനം തുടങ്ങിയത്. ത്യാഗരാജസ്വാമികളുടെ നാട്ട രാഗത്തിലുള്ള ജഗദാനന്ദ കാരകയും, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീര്‍ത്തനവും സാദിഞ്ജനേയും,വരാളിയില്‍ കനകരുചിരയും, ശ്രീരാഗത്തിലെ എന്തരോ മഹാനുഭാവുലുവും ആലപിച്ചതോടെ സംഗീതാസ്വാദകര്‍ ആനന്ദലഹരിയിലായി.
ഒരു മണിക്കൂർനീണ്ട പഞ്ചരത്ന കീര്‍ത്തനാലാപനത്തില്‍ സംഗീതജ്ഞരായ ചേപ്പാട് എ.ഇ. വാമനൻ നമ്പൂതിരി, പാർവതീപുരം പത്മനാഭ അയ്യർ, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യം, മുഖത്തല ശിവജി, സി.എസ്.സജീവ്, ആനയടി പ്രസാദ്, വെച്ചൂർ ശങ്കർ, ഡോ.മണികണ്ഠന്, ഹരീഷ് ശിവരാമകൃഷ്ണൻ, മാതംഗി സത്യമൂര്‍ത്തി, വിജയലക്ഷ്മി സുബ്രഹ്മണ്യം, ബി. അരുന്ധതി, ഡോ.എൻ. ജെ.നന്ദിനി, ഗുരുവായൂർ ഭാഗ്യലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
തിരുവിഴ ശിവാനന്ദന്, തിരുവിഴ വിജു എസ്. ആനന്ദ് (വയലിൻ), വൈക്കം പി.എസ്. വേണുഗോപാല്‍, എന്‍. ഹരി, ഡോ. കെ. ജയകൃഷ്ണൻ, കുഴല്‍മന്ദം രാമകൃഷ്ണന് (മൃദംഗം), ജ്യോതിദാസ് ഗുരുവായൂർ (ഇടയ്ക്ക) തുടങ്ങിയവർ പക്കമേളമൊരുക്കി.
കോടതി നിബന്ധനകൾ പാലിച്ച് ഗജരാജൻ കേശവൻ അനുസ്മരണം
ഗുരുവായൂര്‍: നാലു ദശാബ്ദംമുമ്പ് ഏകാദശിനാളില്‍ ചരിഞ്ഞ ഗജരാജൻ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. ആനയെഴുന്നള്ളിപ്പിലെ കോടതിയുടെ നിബന്ധനകൾ പാലിച്ചായിരുന്നു അനുസ്മരണച്ചടങ്ങ്.
ഇന്നലെ രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്തുനടന്ന ഗജപൂജയ്ക്കും ആനയൂട്ടിനും ശേഷം 6.40ന് അനുസ്മരണ ഘോഷയാത്ര തുടങ്ങി. ഗജരാജന്‍ കേശവന്റെ ചിത്രംവഹിച്ച് കൊമ്പന് ഇന്ദ്രസെന്നും ഗുരുവായൂരപ്പന്റെ ചിത്രംവഹിച്ച് കൊമ്പന് ബല്‍റാമും സരസ്വതി ദേവിയുടെ ചിത്രംവഹിച്ച് കൊമ്പന് വിഷ്ണുവും കൊമ്പൻ ശ്രീധരൻ, പിടിയാന ദേവി എന്നിവയും നിശ്ചിത അകലംപാലിച്ച് ഘോഷയാത്രയിൽ അണിനിരന്നു. അകലമുറപ്പാക്കാൻ ആനകൾക്കുചുറ്റും വടംപിടിച്ച് ദേവസ്വം സുരക്ഷാവിഭാഗം ജീവനക്കാരുണ്ടായിരുന്നു. വടത്തിനു മുന്നിലായി ദേവസ്വം അധികൃതർ ഘോഷയാത്രയിൽ അണിചേർന്നു.
റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങി. തുടര്‍ന്ന് കുളപ്രദക്ഷിണം നടത്തി ശ്രീവത്സം ഗസ്റ്റ് ഹൗസിലെ കേശവന്റെ പ്രതിമയ്ക്കു മുന്നിലെത്തി ഇന്ദ്രസെന്‍ പ്രണാമമര്‍പ്പിച്ചു വണങ്ങി. മറ്റാനകള്‍ പ്രതിമയ്ക്ക് അഭിമുഖമായി ശ്രീവത്സത്തിനുപുറത്ത് അണിനിരന്നു. ഇന്ദ്രസെൻ പ്രണാമം അർപ്പിച്ച് ഇറങ്ങിയശേഷം ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ സി. മനോജ്, വി.ജി. രവീന്ദ്രൻ, മനോജ് ബി. നായർ, കെ.പി. വിശ്വനാഥൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. രാധ എന്നിവർ പുഷ്പാർച്ചന നടത്തി.
ഗുരുവായൂര്‍ എസിപി കെ.എം. ബിജു, സിഐ ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി.
ചാവക്കാട് താലൂക്കിൽ ഇന്ന് അവധി
ഗുരുവായൂർ: ഏകാദശി പ്രമാണിച്ച് ഗുരുവായൂർ ഉൾപ്പെടുന്ന ചാവക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന - അർധസർക്കാർ സ്ഥാപനങ്ങളിലെ നിയമനപരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.