അപകടത്തിൽപ്പെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
1486313
Wednesday, December 11, 2024 10:50 PM IST
കൊട്ടേക്കാട്: പള്ളിക്കുമുന്നിൽ അപകടത്തിൽപെട്ട ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ തീപിടിച്ചതിനെതുടർന്നു ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം മുളവനം കാവിയത്ത് ഉദയന്റെ മകൻ വിഷ്ണു(27) ആണ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. മിനിയാന്നായിരുന്നു അപകടം.
ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ കൊട്ടേക്കാട് പള്ളിക്കുമുന്നിലെ വളവിൽ ബൈക്ക് റോഡിൽ തെന്നിവീണിരുന്നു. മറിഞ്ഞ ബൈക്ക് നിവർത്തി വീണ്ടും സ്റ്റാർട്ട് ചെയ്തതോടെയാണ് തീപിടിത്തമുണ്ടായത്. ഇന്ധന ടാങ്ക് ചോർന്നതാണ് കാരണമെന്നു കരുതുന്നു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
അന്‍പതുശതമാനം പൊള്ളലേറ്റ വിഷ്ണുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബേൺ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാവിലെ മരിച്ചു.
കോര്‍പറേഷന്റെ രാമവർമപുരം മാലിന്യസംസ്കരണ പ്ലാന്റിലെ താത്കാലികജീവനക്കാരനായിരുന്നു വിഷ്ണു. ഒരു മാസമായി പുതിയ സ്ഥാപനത്തില്‍ ജോലിക്കു പോയിത്തുടങ്ങിയിട്ട്. ഇന്നലെ ശമ്പളം കിട്ടിയതിനാല്‍ വാഹനത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചിരുന്നുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു.
രതിയാണ് വിഷ്ണുവിന്റെ അമ്മ. സഹോദരി: വിധുന്യ. സംസ്കാരം ഇന്നു രാവിലെ ഒൻപതിനു പാറമേക്കാവ് ശാന്തിഘട്ടിൽ.