ഓണ്‍ലൈന്‍ ടാക്സികള്‍ക്കു സര്‍വീസ് നടത്താനുള്ള സൗകര്യമൊരുക്കണം
1486214
Wednesday, December 11, 2024 7:18 AM IST
തൃശൂര്‍: ഊബര്‍ ടാക്സി ഡ്രൈവർ നവാസ് പൊന്നാനി യാത്രക്കാരുമായി പോകുമ്പോള്‍ ലോക്കല്‍ ടാക്സി ഡ്രൈവര്‍മാര്‍ ഗുരുവായൂര്‍ ക്ഷേത്രപരിസരത്തു വാഹനം തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടതായി ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സ് യൂണിയന് (ഒടിഡിയു) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി നവാസ് പൊന്നാനിക്കാണ് ദുരനുഭവം ഉണ്ടായത്. പരാതി നല്കിയപ്പോള് അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒയ്ക്കെതിരേ ഡിജിപി നടപടിയെടുക്കണം. ഓണ്‍ലൈന്‍ ടാക്സികള്‍ക്കു കോടതി ഉത്തരവു പാലിച്ച് സര്‍വീസ് നടത്താനുള്ള സൗകര്യമൊരുക്കണം.
ഊബര്‍, ഒല മാനേജ്മെന്റുകള്‍ തൊഴിലാളികളോടു മനുഷ്യത്വപരമായ സമീപനം പുലര്‍ത്തണം. ഡ്രൈവര്‍മാര്‍ക്കു മിനിമം വേതനം, ബോണസ്, ഗ്രാറ്റുവിറ്റി, പിഎഫ്, തൊഴില്‍സ്ഥിരത എന്നിവ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി അഡ്വ ടി.ആര്.എസ്. കുമാര്‍, സംസ്ഥാന പ്രസിഡന്റ് കെ.ടി. സാഹിര്‍, സെക്രട്ടറി ജിജോ സക്കറിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.