എഴുന്നള്ളിപ്പ്, വെടിക്കെട്ട് പ്രതിസന്ധി ; ഏഴുമണിക്കൂർ ഉപവാസം ഇന്ന്
1485892
Tuesday, December 10, 2024 7:06 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ആനയെഴുന്നള്ളിപ്പുകളും വെടിക്കെട്ടും കോടതിവിധികൾമൂലം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി തൃശൂരിലെ പൂരപ്രേമിസംഘം.
ഇന്നു രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ പൂരപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ ഏഴുമണിക്കൂർ നീളുന്ന ഉപവാസം നടത്തും. വരുംദിവസങ്ങളിൽ ഇക്കാര്യവുമായി ബന്ധപ്പെട്ടു കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ നാടൊട്ടുക്കും സംഘടിപ്പിക്കാനാണ് പല സംഘടനകളും തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം തൃശൂരിൽ ചേർന്ന ആചാരസംരക്ഷണകൂട്ടായ്മ കോടതിവിധികൾക്കെതിരേ അലയടിക്കുന്ന പ്രതിഷേധങ്ങളുടെ നേർക്കാഴ്ചയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർതന്നെ കൂട്ടായ്മയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാനെത്തിയത്, നൂറ്റാണ്ടുകളായി തുടർന്നുവരുന്ന പൂരം, വേല, പള്ളി പെരുന്നാളുകൾ, ആണ്ടുനേർച്ചകൾ തുടങ്ങിയവ സുഗമമായി നടത്തണമെന്ന വികാരത്തിൽ നാടൊറ്റക്കെട്ടാണെന്നു വ്യക്തമാക്കുകയായിരുന്നു.
ആഘോഷങ്ങളും ആചാരങ്ങളും കോടതിവിധികളിൽ തട്ടി മുടങ്ങുന്നതിലുള്ള ആശങ്കയും അമർഷവും പ്രതിഷേധവും പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ പരസ്യമായി പ്രകടിപ്പിച്ചു.
ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയ്ക്കു നിയന്ത്രണങ്ങൾ വന്ന സാഹചര്യത്തിലാണ് പ്രതിഷേധകൂട്ടായ്മ നടത്തിയത്. രാഷ്ട്രീയപക്ഷഭേദങ്ങളില്ലാതെ പാർട്ടി നേതാക്കളും എംഎൽഎമാരും അഭിഭാഷകരും മതമേലധ്യക്ഷരും, ഉത്സവങ്ങളെയും പൂരങ്ങളെയും പെരുന്നാളുകളെയുമൊക്കെ നെഞ്ചോടു ചേർക്കുന്നവരും കൂട്ടായ്മയിൽ പങ്കാളികളായത് വരാനിരിക്കുന്ന പ്രതിഷേധപ്രക്ഷോഭങ്ങൾ ശക്തമാകുമെന്ന താക്കീതുകൂടിയായി.