ഗോപപ്രതാപന്റേതു ഹനീഫ വധക്കേസ് വിചാരണ അട്ടിമറിക്കാനുള്ള ശ്രമമെന്നു ഹനീഫയുടെ സഹോദരൻ
1485884
Tuesday, December 10, 2024 7:05 AM IST
തൃശൂർ: ചാവക്കാട്ടെ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട എ.സി. ഹനീഫയുടെ ഭാര്യ ഷിഫ്നയുടെ കൂട്ടുപിടിച്ച് വധക്കേസ് വിചാരണ അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണു ഡിസിസി നിർവാഹകസമിതി അംഗം സി.എ. ഗോപപ്രതാപൻ നടത്തുന്നതെന്നു ഹനീഫയുടെ സഹോദരൻ എ.സി. ഉമ്മർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഹനീഫയുടെ മരണശേഷം കെപിസിസി നല്കിയ 70 ലക്ഷം രൂപയിൽ 12.5 ലക്ഷം രൂപ വീതം നാലു കുട്ടികളുടെ പേരിൽ അവർ മേജറായാൽ എടുക്കാവുന്ന രീതിയിലാണു നിക്ഷേപിച്ചിരിക്കുന്നത്. ഭാര്യയുടെയും അമ്മയുടെയും പേരിൽ പത്തുലക്ഷം രൂപ വീതം നിക്ഷേപിച്ചു. ഭാര്യയുടെയും മക്കളുടെയും ഭാവിസുരക്ഷയ്ക്കും വയോധികയായ അമ്മയുടെ ചികിത്സയ്ക്കും വേണ്ടിയായിരുന്നു ഇത്. ഹനീഫയുടെ മരണശേഷം തറവാട്ടുവീട്ടിൽ നിൽക്കേണ്ട ഹനീഫയുടെ ഭാര്യയും കുട്ടികളും ആരോഗ്യസ്ഥിതി മോശമായപ്പോൾ അമ്മയെ ഇറക്കിവിട്ട് വീടുപൂട്ടി മറ്റൊരു വീട്ടിലേക്കു വാടകയ്ക്കു താമസംമാറ്റി. തുടർന്നു കുടുംബത്തിൽ അഭിപ്രായവ്യത്യാസമുണ്ടായെന്നതു വാസ്തവമാണ്.
ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ഒരുമാസം ചികിത്സയിലിരിക്കെയാണ് അമ്മ മരിച്ചത്. രോഗം മൂർച്ഛിച്ചപ്പോൾ ചികിത്സയ്ക്ക് ആവശ്യമായ തുക നിക്ഷേപത്തിൽനിന്നു പിൻവലിക്കാൻവേണ്ടി ഭാര്യയെ സമീപിച്ചപ്പോൾ നിഷേധാത്മകനിലപാട് സ്വീകരിച്ചു. നിക്ഷേപ ബോണ്ട് തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതു ചോദ്യംചെയ്താണു കുടുംബം കോടതിയെ സമീപിച്ചിട്ടുള്ളത്. അമ്മയുടെ ചികിത്സയ്ക്കു പണം നല്കാതിരിക്കാൻ പ്രേരണ നല്കിയതു ഗോപപ്രതാപനാണ്.
2015ൽ അമ്മയുടെ മുന്നിലിട്ടാണു ഹനീഫയെ കുത്തിക്കൊല്ലുന്നത്. ഗോപപ്രതാപൻതന്നെയാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് മരിക്കുന്നതുവരെ ഹനീഫയുടെ അമ്മയും ഞങ്ങളും വിശ്വസിക്കുന്നത്. കേസിൽ ഇപ്പോൾ ഗോപപ്രതാപൻ പ്രതിയല്ലെങ്കിലും പ്രതികളായവരെ എക്കാലവും സംരക്ഷിക്കുന്നതു ഗോപപ്രതാപനാണ്.
അങ്ങനെയല്ലെന്നു ജനങ്ങൾക്കുമുന്പിൽ വരുത്തിത്തീർക്കാനാണ് ഹനീഫയുടെ ഭാര്യയെ കൂടെക്കൂട്ടി കുടുംബത്തിനുനേരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എ.സി. ഉമ്മർ പറഞ്ഞു.