ഒറിജനൽ ഓടട്ടെ ! വ്യാജൻമാർ ഇനി കട്ടപ്പുറത്ത്
1485882
Tuesday, December 10, 2024 7:05 AM IST
ചാവക്കാട്: പോലീസും മുനിസിപ്പാലിറ്റിയും ട്രേഡ് യൂണിയനുകളും ഒത്തൊരുമിച്ചപ്പോൾ വ്യാജൻമാർ പുറത്ത്. ചാവക്കാടിന്റെ വിവിധഭാഗങ്ങളിൽ 500 ഓളം ഓട്ടോറിക്ഷകളാണ് സർവീസ് നടത്തിയിരുന്നത്. ഇതിൽ പലതും ചാവക്കാട്ടെയല്ലെന്നും അത്തരക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കുറേക്കാലമായി.
ഇതുപരിഹരിക്കാൻ പുതിയ എംബ്ലം വേണമെന്നായിരുന്നു ഓട്ടോ തൊഴിലാളികളുടെ ആവശ്യം. ഇതിനായി പോലീസും മുനിസിപ്പാലിറ്റിയും ട്രേഡ് യൂണിയനും രംഗത്തിറങ്ങിയപ്പോൾ പെർമിറ്റില്ലാതെ ഓടിയിരുന്ന കുറെ ഓട്ടോറിക്ഷകൾ പുറത്തായി. രേഖകൾ പരിശോധിച്ച് ക്ലിയറൻസും എംബ്ലവും നൽകുന്ന തിന്റെ ഒന്നാംഘട്ടംനടത്തി. എംബ്ലം വിതരണം ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് ഉദ്ഘാടനംചെയ്തു. എസ്ഐ എ.യു. മനോജ് പാർക്കിംഗ് നമ്പർ വിതരണംചെയ്തു.
ബിഎംഎസ് മേഖല പ്രസിഡന്റ് കെ.എ. ജയതിലകന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മോട്ടോർ ഫെഡറേഷൻ ഐഎൻടിയുസി റീജിയണൽ പ്രസിഡന്റ് എം.എസ്. ശിവദാസ്, മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയാസെക്രട്ടറി ടി.എസ്. ദാസൻ, മനോജ് കൂർക്കപറമ്പിൽ, എ.കെ. അലി, ജാഫർ എന്നിവർ പ്രസംഗിച്ചു. 201 പേർക്കാണ് നമ്പർ വിതരണംചെയ്തത്. ചാവക്കാട് നഗരത്തിൽ ഓടുന്ന എല്ലാ ഓട്ടോറിക്ഷകളും ജനുവരി ഒന്നുമുതൽ പുതിയ നമ്പർ ഇട്ടിട്ടേ ഓടാവൂവെന്നും എസ്.ഐ. മനോജ് അറിയിച്ചു.