കൊട്ടേക്കാട് ബൈക്കിനു തീപിടിച്ചു; യുവാവിനു ഗുരുതരപൊള്ളലേറ്റു
1486192
Wednesday, December 11, 2024 7:18 AM IST
കൊട്ടേക്കാട്: അപകടത്തെതുടർന്ന് പെട്രോൾ ലീക്കായി ബൈക്കിനു തീപിടിച്ചു. യുവാവിനു ഗുരുതരപൊള്ളലേറ്റു. ഇന്നലെ രാത്രി എട്ടരയോടെ കൊട്ടേക്കാട് പള്ളിക്കുസമീപമാണ് സംഭവം.
ജോലി കഴിഞ്ഞുവരികയായിരുന്ന പേരാമംഗലം മുളവനം കവിയത്ത് വീട്ടിൽ ഉദയന്റെ മകൻ വിഷ്ണു (25)വിനാണ് പൊള്ളലേറ്റത്. ശരീരത്തിൽ 55 ശതമാനം പൊള്ളലേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണംവിട്ട ബൈക്കിൽനിന്നു വീണു പരിക്കേറ്റ യുവാവ്, പെട്രോൾ ടാങ്കിനുണ്ടായ ലീക്ക് ശ്രദ്ധിക്കാതെ വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടുപോകവെയാണ് ബൈക്കിനു തീപിടിച്ചത്. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ അഗ്നിശമനസേനയും ചേർന്നാണ് തീ അണച്ചത്. വിയ്യൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.
ബൈക്ക് പൂർണമായും കത്തിനശിച്ചു.