കുടുംബ ബജറ്റ് താളംതെറ്റുന്നു തൊട്ടാൽപൊള്ളും പച്ചക്കറിവില
1485894
Tuesday, December 10, 2024 7:06 AM IST
സി.ജി. ജിജാസൽ
തൃശൂർ: ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്തു വീണ്ടും പച്ചക്കറിവില ഉയരുന്നു.
തമിഴ്നാട്ടിലെ ഫിൻജാൽ ചുഴലിക്കാറ്റും ശകത്മായ മഴയും മൂലം പച്ചക്കറികൃഷികൾ നശിച്ചതും സംസ്ഥാനത്തേക്കു വരവ് കുത്തനേ കുറഞ്ഞതുമാണ് വിലക്കയറ്റത്തിനിടയാക്കുന്നത്. ഗുണത്തിന്റെ കാര്യത്തിൽമാത്രമല്ല, വിലയുടെ കാര്യത്തിലും എല്ലാവരെയും ഞെട്ടിച്ചാണ് മുരിങ്ങക്കായ കുതിപ്പ് തുടരുന്നത്. 300 ൽ താഴെമാത്രം വിലയുണ്ടായിരുന്ന മുരിങ്ങക്കായ ഇടയ്ക്കു കിലോഗ്രാമിന് 500 ലും വില എത്തിയിരുന്നു. ഇന്നലത്തെ വിപണിനിലവാരപ്രകാരം 400 രൂപയിലാണ് കച്ചവടം നടക്കുന്നത്.
300 നു താഴെമാത്രം വിലയുണ്ടായിരുന്ന വെളുത്തുള്ളിയും വെറും ആഴ്ചകൾകൊണ്ടാണ് ഡിമാൻഡ് കൂടിയത്. മൊത്തവിപണിയിൽ 360 മുതൽ 400 രൂപയാണ് ഇതിന്റെ വിലയിപ്പോൾ. 60 രൂപയുണ്ടായിരുന്ന സവാളയ്ക്കു നിലവിൽ 70-80 രൂപവരെയും ഈടാക്കുന്നുണ്ട്.
വെള്ളപ്പയർ 50, ഉരുളൻകിഴങ്ങ് 40-50, ചുവന്നുള്ളി 80, കൂർക്ക 80, തക്കാളി 50 -60, ബീൻസ് 70, കോവയ്ക്ക 60, പാവയ്ക്ക 40, ബീറ്റ്റൂട്ട് 60 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിലനിലവാരം. ഇവയ്ക്കെല്ലാം 10 മുതൽ 20 രൂപ വരെയാണ് വിലവർധനയുണ്ടായിട്ടുള്ളത്. നേരത്തേ 110 വരെ വില ഉയർന്ന കാരറ്റിനു 80 രൂപയായി കുറഞ്ഞിട്ടുണ്ട്.
വില ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബബജറ്റും താളംതെറ്റിത്തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, പലരും കടകളിൽ എത്തുന്നില്ലെന്നും സാധനങ്ങൾ വാങ്ങുന്നതു കുത്തനേ കുറഞ്ഞുവെന്നും കച്ചവടക്കാർ പറഞ്ഞു. പാചകവാതകവിലയ്ക്കു പിറകെ പച്ചക്കറിയുടെയും വില ഉയർന്നതോടെ ഹോട്ടൽഭക്ഷണങ്ങൾക്കു വില ഇനിയും കൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നു ഹോട്ടലുടമകളും പറയുന്നു.