കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് സംഘം രക്ഷപ്പെടുത്തി
1486427
Thursday, December 12, 2024 4:05 AM IST
ചാവക്കാട്: മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എൻജിൻ നിലച്ച് കടലില്‍കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു. തീരക്കടലിൽ നിന്ന് ഏതാണ്ട് 19 കിലോമീറ്റർഅകലെ ചേറ്റുവ അഴിമുഖത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ബോട്ട് കുടുങ്ങിയത്.
കടപ്പുറം മുനയ്ക്കക്കടവ് സ്വദേശി പോണാകാരൻ മുഹമ്മദാലിയുടെ അൽനൂർ ബോട്ടും മുനയ്ക്കക്കടവ് സ്വദേശികളായ എട്ട് മത്സ്യത്തൊഴിലാളികളുമാണ് കടലിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉടനെ കടലിൽ ഇറങ്ങി. ഓഫീസർമാരായ വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, വി.എൻ. പ്രശാന്ത്കുമാർ, റസ്ക്യൂ ഗാര്‍ഡുമാരായ പ്രസാദ്, വിപിൻ, ബോട്ട് സ്രാങ്ക് റെഷീദ്, എഞ്ചിൻ ഡ്രൈവർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ശക്തമായ കാറ്റിനെ അതിജീവിച്ചാണ് ബോട്ടും തൊഴിലാളികളെയും കരയിൽ എത്തിച്ചത്.