പോട്ട താണിപ്പാറ ലിഫ്റ്റ് ഇറിഗേഷൻ ഉദ്ഘാടനം നടത്തി
1486203
Wednesday, December 11, 2024 7:18 AM IST
ചാലക്കുടി: ഏറ്റവും ഉയർന്ന പ്രദേശമായ പോട്ട താണിപാറയിലെ ജനങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും ഏറെ പ്രയോജനപ്പെടുന്ന താണിപാറ ലിഫ്റ്റ് ഇറിഗേഷൻ സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡിൽ അഞ്ച് ഏക്കറോളം വരുന്ന പാറമടയിൽ നിന്നാണ് പദ്ധതിക്ക് വേണ്ട വെള്ളം പമ്പിംഗ് നടത്തുന്നത്.
2022- 23 വാർഷിക പദ്ധതിയിൽ വകയിരുത്തി 17 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. പമ്പ് ഹൗസ്, മോട്ടോർ, മോട്ടോർ സ്ഥാപിക്കുന്നതിനുള്ള ക്യാബിൻ എന്നിവയാണ് ആദ്യഘട്ടം പൂർത്തിയാക്കി പമ്പിംഗ് ആരംഭിച്ചത്.നേരത്തേ പാറമടയിലെ വെള്ളം സംഭരിക്കുന്നതിനുള്ള കോൺക്രീറ്റ് തടയണ നിർമിക്കുന്നതിന് 20 ലക്ഷം രൂപയിലേറെ ചെലവഴിച്ചിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് പൈപ്ലൈൻ സ്ഥാപിക്കുന്നതിന് സനീഷ് കുമാർ ജോസഫ് എംഎൽഎ 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു, വാർഡ് കൗൺസിലർ ജിജി ജോൺസൺ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബിജു എസ് ചിറയത്ത്, പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ. എം.എം. അനിൽകുമാർ, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ്, എൻജിനീയർ എം.കെ. സുഭാഷ്, അസി. എൻജിനീയർ ഷബാന, ജോയി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.