വാർഷിക ഓഡിറ്റ് റിപ്പോർട്ട്; നിയമസഭാസമിതി അംഗങ്ങൾ കലാമണ്ഡലം സന്ദർശിച്ചു
1485895
Tuesday, December 10, 2024 7:06 AM IST
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിയമസഭാ സമിതി അംഗങ്ങൾ കലാമണ്ഡലം സന്ദർശിച്ചു. ആറ് എംഎൽഎമാരും ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും കൾച്ചറൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇന്നലെ ഉച്ചയ്ക്കാണു സന്ദർശിച്ചത്.
സർക്കാരിൽനിന്ന് സാന്പത്തികസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഘം എത്തിയത്. എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, എൻ.കെ. അക്ബർ, പി. അബ്ദുൽ ഹമീദ്, എം. വിജിൻ, ഇ.ടി. ടൈസണ്‍, എം.എസ്. അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥപരിശോധന.
കലാമണ്ഡലം നേരിടുന്ന സാന്പത്തികപ്രയാസങ്ങളും ബുദ്ധിമുട്ടുകളും സാംസ്കാരികവകുപ്പിന്റെയും നിയമസഭയുടെയും മുന്‍പാകെ കൊണ്ടുവരുന്നതിനു സമിതിയുടെ ഇടപെടൽ ഉണ്ടാകുമെന്നും ഭരണപരമായി വരുത്തേണ്ട മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് കലാമണ്ഡലത്തിൽനിന്ന് കിട്ടിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിനു റിപ്പോർട്ട് നൽകുമെന്നു സമിതി ചെയർമാൻ പി.സി. വിഷ്ണുനാഥ് പറഞ്ഞു.
കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, രജിസ്ട്രാർ പി. രാജേഷ് കുമാർ, ഭരണസമിതി അംഗം രവീന്ദ്രനാഥ് എന്നിവർ ചേർന്ന് അംഗങ്ങളെ സ്വീകരിച്ചു.