പ്രതിഷേധ മേളം...പ്രതിഷേധത്തറയിലും കിഴക്കൂട്ടിനു പ്രാമാണ്യം ഉപവാസസമരവുമായി പൂരനഗരിയിൽ പൂരപ്രേമിസംഘം
1486215
Wednesday, December 11, 2024 7:18 AM IST
തൃശൂർ: ഇലഞ്ഞിത്തറയിൽമാത്രമല്ല പ്രതിഷേധത്തറയിലും തനിക്കു പ്രാമാണ്യത്തിനു മികവുണ്ടെന്നു തെളിയിച്ച് കിഴക്കൂട്ട് അനിയൻ മാരാർ. പൂരത്തിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും വെടിക്കെട്ടിന്റെയും നിലനിൽപ്പിനുവേണ്ടി മാരാരുടെ നേതൃത്വത്തിൽ പൂരപ്രേമിസംഘം ഏഴുമണിക്കൂർ ഉപവാസം നടത്തി. കോർപറേഷൻ ഓഫീസിനു മുന്നിലാണ് പൂരപ്രേമിസംഘത്തിനൊപ്പം കിഴക്കൂട്ട് അനിയൻ മാരാരും ഉപവസിച്ചത്.
പൂരത്തെ സംരക്ഷിക്കുക എന്ന ആഹ്വാനത്തോടെ കേരളത്തിലെ ഉത്സവാഘോഷങ്ങൾ സംരക്ഷിക്കുക, വെടിക്കെട്ടുനിയന്ത്രണങ്ങൾ ഒഴിവാക്കുക, കേരളീയപാരന്പര്യം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടത്തിയത്.
ഐക്യദാർഢ്യപ്രസംഗങ്ങൾക്കൊപ്പം മേളം, തായന്പക, അഷ്ടപദി, കൊന്പുപറ്റ് , കുഴൽപ്പറ്റ് എന്നിവയും അവതരിപ്പിച്ചു. ഏഴു മണിക്കൂർ ഉപവാസസമരത്തിൽ വിവിധ കലകളുടെ അവതരണവും പ്രതിഷേധവേദിയിൽ നടന്നു.
മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴേക്കാട് അധ്യക്ഷത വഹിച്ചു. വിനോദ് കണ്ടെംകാവിൽ, കൽദായ സുറിയാനി സഭ കേന്ദ്ര ട്രസ്റ്റി രാജൻ ജോസ്, പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ, ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ് സതീഷ്കുമാർ, ഡിസിസി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്വന്തം ലേഖകൻ