വില്വമലയിൽ പുനർജനിനൂഴൽ നാളെ
1485879
Tuesday, December 10, 2024 7:05 AM IST
തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിനുസമീപമുളള വില്വമലയിലെ പുനർജനി നൂഴൽ നാളെ നടക്കും.
ക്ഷേത്രത്തിനു രണ്ട് കിലോമീറ്റർ കിഴക്കുള്ള ഗുഹയിൽ വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിനാളിൽ മാത്രമാണ് നൂഴൽ ചടങ്ങ് നടക്കുന്നത്. പുനർജനി നൂഴ്ന്നു പുറത്തെത്തുമ്പോൾ ജന്മാന്തരപാപങ്ങൾ ഒടുങ്ങി മുക്തി നേടുമെന്നാണ് വിശ്വാസം. നൂഴൽ ചടങ്ങ് അതിരാവിലെ തുടങ്ങി രാത്രി വൈകുംവരെ തുടരും. ഏകദേശം ഒരുമണിക്കൂർ സമയമെടുക്കും ഈ ഗുഹായാത്രയ്ക്ക്. ആയിരത്തോളംപേർക്കാണ് ഈ ദിവസം ഇവിടെ നൂഴാൻ കഴിയുക. സ്ത്രീകൾ ഗുഹക്കകത്തേയ്ക്ക് പ്രവേശിക്കാറില്ല.
പുനർജനിയോട് ബന്ധപ്പെട്ടുകിടക്കുന്ന ഗണപതി തീർഥം, പാപനാശിനി തീർഥം, പതാള തീർഥം, അമ്പ്, കൊമ്പ് തീർഥങ്ങളും പരിപാവനമായി കരുതുന്നു. തിരുവില്വാമല ടൗണിൽനിന്ന് മലേശമംഗലം റോഡ് വഴിയും ഗുഹ സ്ഥിതിചെയ്യുന്നിടത്തേക്ക് എത്താം. കൊച്ചിൻ ദേവസ്വം ബോർഡ് തിരുവില്വാമല ഗ്രാമപഞ്ചായത്തിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
സേവാഭാരതിയുടെ നേതൃത്വത്തിൽ പുനർജനി നൂഴാനെത്തുന്ന ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും വിതരണംചെയ്യും. ക്ഷേത്രത്തിൽ രാവിലെ മേളത്തോടെയുള്ള കാഴ്ചശീവേലിയും വൈകീട്ട് വിളക്കുവയ്പ്പും നടക്കും. പുനർജനി നൂഴാനുള്ള ടോക്കൺ ഇന്ന് വൈകുന്നേരം അഞ്ചുമുതൽ എട്ടുവരെ ക്ഷേത്രം ഓഫീസിൽനിന്നു വിതരണംചെയ്യും.
ടോക്കൺ എടുക്കാൻ വരുന്നവർ തിരിച്ചറിയൽരേഖയും കോപ്പിയും കൊണ്ടുവരണമെന്നും പ്രായമായവരും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വിട്ടുനിൽക്കണമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.