തിരുനാൾ ഭക്തിസാന്ദ്രം
1485711
Monday, December 9, 2024 8:04 AM IST
കൊരട്ടി ലത്തീൻ പള്ളിയിൽ
ഗോൾഡൻ ജൂബിലി
മധ്യസ്ഥതിരുനാൾ
കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രമായ കൊരട്ടി അമലോത്ഭവമാത പള്ളിയിൽ ഗോൾഡൻ ജൂബിലി മധ്യസ്ഥതിരുനാൾ സമുചിതമായി ആഘോഷിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനായി. കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട് വചനസന്ദേശം നൽകി. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരുന്നു. തിരുനാളിനോടനുബന്ധിച്ച് കോഴിക്കോട് സങ്കീർത്തന അവതരിപ്പിച്ച "പറന്നുയരാനുള്ള ചിറക്' എന്ന നാടകവും ഉണ്ടായിരുന്നു.
സമ്പാളൂരിൽ വിശുദ്ധന്റെ
നാടുകാണൽ പ്രദക്ഷിണം
സമ്പാളൂർ: ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെ വിശുദ്ധന്റെ കൂടുതുറക്കൽ നടന്നു. വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ട് പ്രദക്ഷിണം നടത്തി. തുടർന്ന് പൊങ്കാല നേർച്ച ആശീർവാദം നടത്തി.
പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. യേശുദാസ് ചുങ്കത്ത് വചനപ്രഘോഷണം നടത്തി. റവ. ഡോ. ജോൺസൻ പങ്കേത്ത്, ഫാ. മാത്യു ഡിക്കുഞ്ഞ, ഫാ. ബേസിൽ പാദുവ, ഫാ. റെക്സൻ പങ്കേത്ത്, ഡീക്കൻ സെബിൻ എന്നിവർ സഹകാർമികരായി. തുടർന്ന് പാളയംപറമ്പ് മാരാംകുഴി വഴി പ്രദക്ഷിണം നടത്തി.
വിശുദ്ധന്റെ നാടുകാണൽ പ്രദക്ഷിണം ഉച്ചകഴിഞ്ഞ് കാടുകുറ്റിയിലേക്ക് ആഘോഷപൂർവം നടത്തി. ആയിരക്കണക്കിനു വിശ്വാസികൾ അണിചേർന്ന പ്രദക്ഷിണം, ഉണ്ണിമിശിഹാ പള്ളി അങ്കണത്തിലൂടെ കടന്ന് കാടുകുറ്റി ജംഗ്ഷനിൽവച്ച് ഫാ. ഫ്രാൻസൻ കുരിശിങ്കൽ വചനപ്രഘോഷണം നടത്തി. വൈകീട്ട് എട്ടോടെ പ്രദക്ഷിണം ദേവാലയത്തിൽ സമാപിച്ചു. 15ന് എട്ടാമിടവും 22ന് പതിനഞ്ചാമിടവും നടത്തും.