ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് 2, ബിജെപി 1
1486436
Thursday, December 12, 2024 4:05 AM IST
നാട്ടികയിൽ എൽഡിഎഫിനെ
ഞെട്ടിച്ച് കോൺഗ്രസ്
തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒന്പതാംവാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറിവിജയം. യുഡിഎഫിലെ പി. വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ആകെ പോൾ ചെയ്ത 1107 വോട്ടിൽ 525 വോട്ട് നേടിയാണ് യുഡിഎഫ് വിജയം. എൽഡിഎഫിന് 410 വോട്ടും ബിജെപിക്കു 172 വോട്ടും ലഭിച്ചു
ഭൂരിപക്ഷം കുറഞ്ഞാലും എൽഡിഎഫ് കോട്ടയായ നാട്ടിക ഒൻപതാം വാർഡിൽ തോൽക്കുമെന്ന് എൽഡിഎഫ് സ്വപ്നത്തിൽപോലും കരുതിയില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 260 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയായ കെ.ബി. ഷൺമുഖൻ ഈ വാർഡിൽനിന്നു വിജയിച്ചത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകനത്തിലും ഭൂരിപക്ഷം കുറഞ്ഞാലും എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കോൺഗ്രസും സ്ഥാനാർഥി പി. വിനുവും എല്ലാവരെയും ഞെട്ടിച്ചു.
വാർഡ് നഷ്ടപ്പെട്ടതോടെ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പ്രതിസന്ധിയിലുമായി. യുഡിഎഫിന് ആറ്, എൽഡിഎഫിന് അഞ്ച്, ബിജെ പിക്ക് മൂന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.
മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. വിനു 2015 ൽ 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചെങ്കിലും നിസാരവോട്ടിനു പരാജയപ്പെട്ടു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്. മഹിളാ കോൺഗ്രസ് നേതാവുമാണ് വിനു.