ഏകാദശി തൊഴുത് ജനസാഗരം
1486434
Thursday, December 12, 2024 4:05 AM IST
സ്വന്തം ലേഖകൻ
ഗുരുവായൂര്‍: കണ്ണനെ കാണാൻ പതിനായിരങ്ങൾ വ്രതശുദ്ധിയോടെ ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയതോടെ ഏകാദശിനാളിൽ ക്ഷേത്രനഗരം ജനസാഗരമായി. ക്ഷേത്ര നടപ്പുരകളും സമീപ റോഡുകളും പാർക്കിംഗ് കേന്ദ്രവുമെല്ലാം ഭക്തജനങ്ങളെക്കൊണ്ടു നിറഞ്ഞു. ദർശനത്തിനുള്ള വരി ക്ഷേത്രത്തിൽനിന്ന് രണ്ടുകിലോമീറ്ററോളം നീണ്ടു. നാരായണനാമം ചൊല്ലിയും ഗുരുവായൂരപ്പനെ ഭജിച്ചും പതിനായിരങ്ങള്‍ ദര്‍ശനപുണ്യം നേടി. പീലിത്തിരുമുടിചാര്‍ത്തി പൊന്നോടക്കുഴലുമായി ആശ്രിതവത്സലനായ ഭഗവാന് ഗുരുവായൂരപ്പന് ഭക്തര്‍ക്ക് അനുഗ്രഹംചൊരിഞ്ഞു.
ഗുരുവായൂര്‍ ദേവസ്വംവക ചുറ്റുവിളക്കോടെയുള്ള വിളക്കാഘോഷമായിരുന്നു ഇന്നലെ. ക്ഷേത്രത്തില്‍ രാവിലെ നടന്ന ശീവേലിക്ക് കൊമ്പന് ഇന്ദ്രസെൻ കോലമേറ്റി. ഗുരുവായൂർ ശശിമാരാർ മേളം നയിച്ചു. പാർഥസാരഥി ക്ഷേത്രത്തിലേക്കു നടന്ന എഴുന്നള്ളിപ്പിന് കൊമ്പന് ഗോകുൽ കോലമേറ്റി. പല്ലശന മുരളിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിനു നാദസ്വരമായിരുന്നു അകന്പടി. രാത്രി വിളക്കെഴുന്നെള്ളിപ്പിനു കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേറ്റി.
ദര്‍ശനത്തിനും പ്രസാദഊട്ടിനും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദര്‍ശനം അനുവദിച്ചില്ല. ഏകാദശിവ്രതം എടുത്തവര്‍ക്കായി അന്നലക്ഷ്മി ഹാളിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ ഒന്‍പതിന് ആരംഭിച്ചു. ഗോതമ്പുചോറ്, രസകാളന്‍, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പുപായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്. പ്രസാദഊട്ടിനും വന്‍ ഭക്തജനത്തിരക്കാണുണ്ടായത്. 40,000 ത്തോളം പേര് പ്രസാദഊട്ടില്‍ പങ്കെടുത്തു.
ദശമി ദിവസം പുലര്‍ച്ചെ തുറന്ന ക്ഷേത്രനട ഇന്നു രാവിലെ എട്ടിന് അടയ്ക്കും. വീണ്ടും ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.
ക്ഷേത്രത്തിലും പരിസരത്തും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനുപുറമേ എന്‍സിസി, സ്കൗട്ട് വിഭാഗങ്ങളും സേവനത്തിനുണ്ടായിരുന്നു.
ഇന്നർ, ഔട്ടർ റിംഗ് റോഡുകളിൽ വൺവേ സംവിധാനം കർശനമാക്കിയിരുന്നു.