സാഹോദര്യ പദയാത്ര തിങ്കളാഴ്ച ജില്ലയിൽ
1545819
Sunday, April 27, 2025 5:08 AM IST
മൂവാറ്റുപുഴ: നാടിന്റെ നന്മയ്ക്ക് നമ്മൾ ഒന്നാകണം എന്ന സന്ദേശമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ പദയാത്ര തിങ്കളാഴ്ച ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം അഞ്ചോടെ ജില്ലാ അതിർത്തിയായ വാഴക്കുളത്ത് എത്തുന്ന യാത്രയെ ജില്ല പ്രസിഡന്റ് സമദ് നെടുമ്പാശേരി, ജില്ല ജനറൽ സെക്രട്ടറിമാരായ എം.കെ. ജമാലുദ്ദീൻ, അസൂറ നാസർ എന്നിവരുടെ നേതൃത്വത്തിൽ ജില്ല കമ്മറ്റി അംഗങ്ങൾ സ്വീകരിക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തുടർന്ന് മൂവാറ്റുപുഴയിൽ എത്തുന്ന യാത്രയെ കക്കടാശേരിയിൽനിന്ന് പദയാത്രയായി പെരുമറ്റം പാലത്തിന് സമീപം തയാറാക്കിയ ജോൺ അമ്പാട്ട് നഗറിലേക്ക് ആനയിക്കും. തുടർന്നു പൊതുസമ്മേളനം.
മൂവാറ്റുപുഴ, കോതമംഗലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴയിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കുന്നത്തുനാട്, പള്ളിക്കര, പെരിങ്ങാല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരുമ്പാവൂരിൽ സമാപിക്കും. നാലു ദിവസങ്ങളിലായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന യാത്ര മേയ് രണ്ടിന് സമാപിക്കും.