പുഴയിൽ വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ കോളജ് വിദ്യാർഥിനി മുങ്ങിമരിച്ചു
1545792
Sunday, April 27, 2025 4:35 AM IST
പെരുന്പാവൂർ: കാൽവഴുതി പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു. മൗലൂദ്പുര പുളിയ്ക്കക്കുടി ഷാജിയുടെ മകൾ ഫാത്തിമ ഷെറിൻ (19) ആണ് മരിച്ചത്. കാൽവഴുതി വീണ ഇളയ സഹോദരി ഫർഹത്തിനെ സമീപത്തുണ്ടായിരുന്നയാൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.30ഓടെ മുടിക്കൽ ഡിപ്പോ കടവിലായിരുന്നു സംഭവം. ഇരുവരും നടക്കാനിറങ്ങുന്നതു പതിവായിരുന്നു. ഇന്നലെ രാവിലെ പതിവുപോലെ നടക്കാനിറങ്ങുകയും ഡിപ്പോയിലെത്തിയപ്പോൾ സമീപത്തെ പാറയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഫർഹത്ത് കാൽ വഴുതി പുഴയിലേക്ക് വീണു.
ഉടന്‍ ഫർഹത്തിനെ രക്ഷപ്പെടുത്താൻ ഷെറിൻ പുഴയിലേക്ക് ഇറങ്ങിയെങ്കിലും രണ്ടുപേരും ഒഴുക്കിൽപ്പെട്ടുകയായിരുന്നു. ബഹളംകേട്ട് സമീപത്ത് ചൂണ്ടയിട്ട് കൊണ്ടിരുന്നയാൾ ഓടിയെത്തി ഫർഹത്തിനെ കരയ്ക്കെത്തിച്ചെങ്കിലും ഷെറിനെ രക്ഷപ്പെടുത്താനായില്ല.
തുടർന്ന് പെരുന്പാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും കോതമംഗലത്ത് നിന്നെത്തിയ സ്കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഫാത്തിമ ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒന്‍പതോടെ മൗലൂദ്പുര ജമാ അത്ത് കബർസ്ഥാനിൽ കബറടക്കി. മാതാവ്: സൈന. പെരുന്പാവൂർ മാർത്തോമ്മ കോളജിലെ ബിരുദ വിദ്യാർഥിനിയായിരുന്നു ഷെറിൻ.