മുറിക്കല്ല് ബൈപ്പാസ് ടെൻഡർ; മികച്ച പ്രതികരണമെന്ന് എംഎൽഎ
1545817
Sunday, April 27, 2025 5:05 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നമായ മുറിക്കല്ല് ബൈപ്പാസിന്റെ ടെൻഡർ പ്രസിദ്ധീകരിച്ച ഉടനെ മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സംസ്ഥാനത്ത് പൊതുവേ പ്രവർത്തികൾ എടുക്കാൻ കോൺട്രാക്ടർമാർ വിമുഖത കാണിക്കുന്ന സാഹചര്യത്തിലും മുറിക്കല്ല് ബൈപ്പാസിന്റെ ടെൻഡർ നടപടികളിൽ പങ്കെടുത്ത് ടെൻഡർ സമർപ്പിച്ചത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഏഴ് കമ്പനികളാണ്.
ജിയോ ടാഗിംഗ് നടത്തി അതിർത്തികൾ നിർണയിച്ചതിനാൽ പണി തുടങ്ങിയ ശേഷം തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലാത്തതും പണിക്കു മുമ്പുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പൂർത്തീകരിച്ച് 95 ശതമാനത്തിനു മുകളിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ പൂർത്തിയായിരിക്കുന്നതും പദ്ധതി രൂപരേഖയും ഡിപിആറും ആധുനിക രീതിയിൽ ക്രമീകരിച്ചിരിക്കുന്നതുമാണ് കമ്പനികളെ ആകർഷിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളെന്ന് എംഎൽഎ പറഞ്ഞു.
ബൈപ്പാസിന്റെ പഴയ ഡിപിആറിൽ സമ്പൂർണ മാറ്റം വരുത്തി വളവുകൾ നിവർത്തിയും നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിച്ച് നാലുവരിയാക്കിയുമാണ് നിർമാണം. നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ ലാൻഡ് സ്പാനുകളും കൾവർട്ടുകളും ഉൾപ്പെടുത്തി ഡിപിആറിൽ സമഗ്രമായ മറ്റങ്ങൾ വരുത്തിയും അത്യാധുനിക രീതിയിലുമാണ് ഇപ്പോഴത്തെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്.
59.98 കോടി രൂപ ആകെത്തുക വകയിരുത്തിയിരുന്ന മുറിക്കല്ല് ബൈപ്പാസ് പ്രോജക്ട് സമ്പൂർണ ഭേദഗതിയോടെ 117 കോടി രൂപയായി ഉയർത്തിയാണ് ഇപ്പോൾ ടെൻഡർ പൂർത്തീകരിച്ചിരിക്കുന്നത്.
ആദ്യം പുറപ്പെടുവിച്ച ടെൻഡറിൽ പുതിയ പാലത്തിന്റെ പ്രൊവിഷൻ വരാതിരുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ തിരുത്തലുകൾ വരുത്തി പുതിയ ടെൻഡർ പ്രസിദ്ധീകരിച്ചാണ് ഇപ്പോൾ ബിഡിംഗിൽ പങ്കെടുത്തിരിക്കുന്നത്.
ഏഴ് കമ്പനികളുടെയും ടെക്നിക്കൽ ബിഡ് പരിശോധിച്ച ശേഷമാണ് അവസാന തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്നും എംഎൽഎ പറഞ്ഞു.