റോഡരികിൽ തടസമായി പൈപ്പുകൾ
1545812
Sunday, April 27, 2025 5:05 AM IST
കുടിവെള്ള പദ്ധതിക്ക് എത്തിച്ച പൈപ്പുകളാണ് നീക്കാതെ കടിക്കുന്നത്
കോതമംഗലം: നെല്ലിമറ്റം-ഉപ്പുകുളം-ഊന്നുകല്‍ റോഡിന്റെ പലഭാഗങ്ങളിലും ഉപയോഗം കഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന വലിയ പൈപ്പുകൾ നീക്കം ചെയ്യാത്തത് വാഹന യാത്രക്കാർക്ക് തടസമാകുന്നു. കവളങ്ങാട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി ഇറക്കിയ പൈപ്പുകളാണ് റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നത്. നെല്ലിമറ്റം-ഉപ്പുകുളം-ഊന്നുകല്‍ റോഡിന്റെ പലഭാഗങ്ങളിലും വലിയ പൈപ്പുകളുടെ കൂട്ടം കാണാം.
കുടിവെള്ള പദ്ധതിയുടെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കിവന്ന പൈപ്പുകളാണ് നീക്കം ചെയ്യാതെ റോഡരികില്‍തന്നെ ഇട്ടിരിക്കുന്നത്. വീതി കുറഞ്ഞ റോഡാണിവിടെ. പൈപ്പുകള്മൂലം വാഹനങ്ങള്‍ക്ക് സൈഡുകൊടുക്കാന്‍ കഴിയില്ല. വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിച്ചുമാറ്റേണ്ടിവരുമ്പോള് പൈപ്പുകളില്തട്ടി അപകടമുണ്ടാകാറുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്കാണ് കൂടുതല്‍ ഭീഷണി. രാത്രിയില്‍ പൈപ്പുകള്‍ കാണാനും പ്രയാസമാണ്.
അപകടകരമായി കിടക്കുന്ന പൈപ്പുകള്‍ നീക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. താലൂക്ക് വികസനസമിതിയിലുള്പ്പെടെ പലതവണ ഈ പ്രശ്നം ഉന്നയിച്ചെങ്കിലും പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല.