മാല മോഷണം പോയെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിന് പോലീസ് മർദനമെന്ന്
1545800
Sunday, April 27, 2025 4:54 AM IST
ചോറ്റാനിക്കര: ഭാര്യയുടെ പരാതിയിൽ മാല മോഷണം പോയ കേസിന്റെ അന്വേഷണത്തിനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ഭർത്താവിനെ പോലീസ് മർദിച്ചതായി പരാതി. ചോറ്റാനിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ പുനുക്കന്നൂർ ചേരിയിൽ ബിനോദ് (37) നെ ചോറ്റാനിക്കര സിഐ മർദിച്ചവശനാക്കിയതായാണ് പരാതി.
കഴിഞ്ഞ 16ന് കേസന്വേഷണത്തിനായി ബിനോദിനെയും ഭാര്യ ഷൈനിയെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ച സിഐ പി.കെ. മനോജ് ഇരുവരെയും മടക്കിയയച്ചു. പിന്നീട് കൊല്ലത്തേക്ക് പോയ ബിനോദിനെ 22ന് വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും സിഐ വീണ്ടും ചോദ്യം ചെയ്യുകയും, മാല എടുത്തിട്ടില്ലെന്ന് ആവർത്തിച്ചതോടെ ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. സ്വർണം വാങ്ങിക്കൊടുക്കാമെന്ന് സമ്മതിക്കുന്നതുവരെ മർദനം തുടർന്നു. പിന്നീട് വഴിയിലിറക്കിവിടുകയായിരുന്നു.
ഇരുചക്ര വാഹനം വാങ്ങുന്നതിനെ തുടർന്നുള്ള തർക്കമാണ് പരാതിയിലെത്തിയതെന്നും കാണാതായ മാല വീട്ടിൽ നിന്നും കണ്ടെടുത്തതായും ബിനോദ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും റൂറൽ എസ്പിക്കും ഇയാൾ പരാതി നൽകിയിട്ടുണ്ട്.