ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു
1545789
Sunday, April 27, 2025 4:35 AM IST
കൊച്ചി: ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം പ്രതിദിനം കൂടുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ വിവിധയിടങ്ങളിലായി 29 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പനി ബാധിച്ച് 1008 പേർ വിവിധ ആശുത്രികളില്‍ ചികിത്സ തേടി. ഇതില്‍ 59 പേര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ സംശയിക്കുന്നു.
ഇതിനോടകം 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ അഞ്ച് പേര്‍ക്ക് മലേറിയയും ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. രോഗങ്ങളും രോഗലക്ഷണങ്ങളും കണ്ടു തുടങ്ങിയാല്‍ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രി ചികിത്സ തേടണം.
ഒപ്പം രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. വേനല്‍ ചൂടിന്റെ സാഹചര്യത്തില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ചികിത്സ തേടേണ്ടതാണ്. പനി പിടിപെട്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഏത് തരം പനിയാണെന്ന് സ്ഥിരീകരിച്ച ശേഷമേ ചികിത്സ ആരംഭിക്കാവൂ.ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന പനികളും ധാരാളമാണ്.
അതുകൊണ്ടുതന്നെ മലിന ജലവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ഇത്തരം വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നു പടര്ന്നുപിടിക്കുന്നവയാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.
തുറസായ സ്ഥലങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കരുതെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.