നവജാത ശിശുവിനെ കൈമാറിയതായി സംശയം; അന്വേഷണം തുടങ്ങി
1545791
Sunday, April 27, 2025 4:35 AM IST
തൃപ്പൂണിത്തുറ: നവജാത ശിശുവിനെ കൈമാറിയെന്ന സംശയത്തെ തുടർന്ന്, സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. മുരിയമംഗലം സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കോയമ്പത്തൂര്‍ സ്വദേശിക്ക് കൈമാറിയതായി പറയുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി രണ്ടാമത് പ്രസവിച്ച കുഞ്ഞിനെ കൈമാറിയതായാണ് വിവരം.
യുവതി ജോലി സ്ഥലത്തുവച്ച് പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയുമായി കുറച്ചുനാള്‍ മുന്‍പ് നാടുവിട്ടിരുന്നു. ഈ സമയത്ത് യുവതി ഗര്‍ഭിണിയായി. ഇതിനിടെ യുവാവുമായി പിണങ്ങിയ യുവതി തിരിച്ച് സ്വന്തം വീട്ടിലെത്തുകയായിരുന്നു. പിന്നീട് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെയാണ് കോയമ്പത്തൂർ സ്വദേശിക്ക് കൈമാറിയത്. ആശാവര്‍ക്കര്‍മാര്‍ മുഖേനയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിനെ തൃപ്പൂണിത്തുറ ഭാഗത്ത് വച്ച് കൈമാറിയതായാണ് വിവരം. ചോറ്റാനിക്കര പോലീസ് യുവതിയിൽ നിന്ന് വിവരങ്ങള്‍ തേടി. എത്രയും പെട്ടെന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ ഹിൽപാലസ് പോലീസ് കേസെടുക്കുമെന്നറിയുന്നു.