കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തെ പിന്തുണയ്ക്കുന്നു: ബിജെപി
1545804
Sunday, April 27, 2025 4:54 AM IST
കൊച്ചി: കാഷ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും തയാറാകാത്ത കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്. ബിജെപി സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഷ്മീരിലെ സമാധാനത്തെയും വികസനത്തെയും അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് പാക്കിസ്ഥാന് പിന്തുണയോടെ ഭീകരവാദികള്‍ നടത്തിയത്. കേരളത്തില്‍ ഇതിന്റെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് വി.ഡി. സതീശനും വി.ടി. ബലറാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും എം.എ. ബേബി, എം.വി.ഗോവിന്ദന് തുടങ്ങിയ സിപിഎം നേതാക്കളും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സജി, ശ്രീക്കുട്ടന് തുണ്ടത്തില്‍, അഡ്വ. പ്രിയ പ്രശാന്ത് തുടങ്ങിയവരും പങ്കെടുത്തു.