ദേശീയപാത സർവീസ് റോഡിൽ ഒഴിപ്പിച്ച കൈയേറ്റങ്ങൾ തിരികെയെത്തുന്നു
1545799
Sunday, April 27, 2025 4:54 AM IST
ആലുവ: ഒരു മാസത്തിനിടെ ആലുവ നഗരസഭാ ആരോഗ്യ വിഭാഗം കൈയേറ്റമൊഴിപ്പിച്ച ദേശീയപാത സർവീസ് റോഡിൽ വീണ്ടും അനധികൃത കച്ചവടങ്ങൾ തകൃതിയെന്ന് പരാതി. കൂടാതെ ദേശീയപാത മേൽപ്പാലത്തിനടിയിൽനിന്ന് ഒഴിപ്പിച്ച ലോട്ടറി കച്ചവട സ്റ്റാളുകളും തിരികെയെത്തിയിട്ടുണ്ട്.
മെട്രോ പില്ലർ നമ്പർ 20 മുതൽ 30 വരെയുള്ള ഭാഗത്താണ് കൈയേറ്റം രൂക്ഷമായിരിക്കുന്നത്. പച്ചക്കറി മാർക്കറ്റിന് സമീപത്തെ സർവീസ് റോഡാണ് വീണ്ടും കൈയേറ്റക്കാരുടെ പിടിയിലായിരിക്കുന്നത്. ഇവിടെനിന്നും രണ്ടുവട്ടം നഗരസഭാ അധികൃതർ കൈയേറ്റക്കാരെ ഒഴിപ്പിച്ചിരുന്നു.
വാഹനങ്ങൾ കടന്നുപോകുന്നതിനും കാൽ നടയാത്രക്കാർക്കും തടസം സൃഷ്ടിച്ചാണ് അനധികൃത കച്ചവടം. ഇതിനെതിരെ പൊതുപ്രവർത്തകൻ ആർ. പത്മകുമാർ വീണ്ടും ദേശീയപാത, ആലുവ നഗരസഭ, കൊച്ചി മെട്രോ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.