എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
1545795
Sunday, April 27, 2025 4:35 AM IST
പെരുമ്പാവൂർ: അഞ്ചു ഗ്രാം എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ആലുവ കുട്ടമശേരി കുന്നപ്പിള്ളി വീട്ടിൽ അബൂബക്കർ സിദ്ദിഖ് (42), കീഴ്മാട് പുത്തൻപുരയ്ക്കൽ സ്മിഷ (31) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി പെരുമ്പാവൂർ ഔഷധി ജംഗ്ഷനിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. യുവാക്കൾക്കായിരുന്നു ഇവർ വില്പന നടത്തിയിരുന്നത്. ചെറിയ പൊതികളിലാക്കി 1000 രൂപ നിരക്കിലായിരുന്നു കച്ചവടം. അബൂബക്കർ സിദ്ദിഖിനെതിരേ ആലുവ, പെരുമ്പാവൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ഡിസംബറിൽ ഇയാളെ ഒരു ഗ്രാം എംഡിഎംഎ യുമായി പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. 72 ദിവസം ജയിലിൽ കഴിഞ്ഞ ഇയാൾ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ജയിലിൽ നിന്ന് ഇറങ്ങിയതിനുശേഷം ഇയാൾ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, എസ്ഐമാരായ പി.എം. റാസിഖ്, ജോഷി തോമസ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, റെനി, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, വർഗീസ് വേണാട്ട്, ബെന്നി ഐസക്, ബേസിൽ, സിബിൻ സണ്ണി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.