ഉഡുപ്പി-സിഎസ്എല്‍ നിര്‍മിച്ച ഡ്രൈ കാര്‍ഗോ കപ്പല്‍ നോര്‍വേ കമ്പനിക്ക് കൈമാറി
1545797
Sunday, April 27, 2025 4:35 AM IST
കൊച്ചി: കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിന്റെ (സിഎസ്എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള അ നുബന്ധ സ്ഥാപനമായ കര്‍ണാടകയിലെ ഉഡുപ്പി കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് (ഉഡുപ്പി -സിഎസ്എല്‍), 3800 ടണ്‍ ഡി.ഡബ്ല്യു ഡ്രൈ കാര്‍ഗോ കപ്പലുകളുടെ പരമ്പരയിലെ ആദ്യത്തെ കപ്പല്‍ യൂറോപ്പിലെ ഏറ്റവും വലിയ ഷോര്‍ട്ട് സീ ഷിപ്പിംഗ് കമ്പനിയായ നോര്‍വേയിലെ വില്‍സണ്‍ ഷിപ്പ് മാനേജ്മെന്റ് എഎസിന് കൈമാറി.
ന്യൂ മാംഗ്ലൂര്‍ തുറമുഖത്ത് നടന്ന ചടങ്ങില്‍ ന്യൂ മാംഗ്ലൂര്‍ തുറമുഖ അഥോറിറ്റി ചെയര്മാന് ഡോ. വെങ്കട രമണ അക്കരാജുവിന്റെ പത്നി ഡോ.സുഷമ അക്കരാജു പുതിയ കപ്പലിന്റെ ഔപചാരിക വിതരണം അടയാളപ്പെടുത്തി.
നോര്‍വേയിലെ എംഎസ് വില്‍സണ്‍ ഷിപ്പ് മാനേജ്മെന്റ് എഎസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഐനാര്‍ ടോര്‍ സ്നെസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സെര്‍ജി ബോഗാഷോവ്, വില്‍സണ്‍ സൈറ്റ് ടീം എന്നിവരും ന്യൂ മാംഗ്ലൂര്‍ തുറമുഖ അഥോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉഡുപ്പി-സിഎസ്എല്‍ സിഇഒ എ.ഹരികുമാര്‍, ഉഡുപ്പി സിഎസ്എല്‍ ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്മെന്റ്), ശിവറാം എന്‍. സ്വാമി, എറിക് വീത്ത്, ബ്യൂറോ വെരിറ്റാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇത്തരം ആറു കപ്പലുകള്‍ നിര്‍മിക്കാനാണ് ഉഡുപ്പി-സിഎസ്എല്‍ വില്‍സണ്‍ ഷിപ്പ് മാനേജ്മെന്റ് എഎസുമായി ധാരണയിലെത്തിയിരുന്നത്. വെസലുകളുടെ ഉത്പാദനം ആരംഭിച്ചതിനുശേഷം, ഉഡുപ്പി-സിഎസ്എലുമായി ചേര്‍ന്ന് 1041 കോടി രൂപ ചെലവില്‍ എട്ട് 6300 ടിഡിഡബ്ല്യു ജനറല്‍ കാര്‍ഗോ വെസലുകള്‍ നിര്‍മിക്കുന്നതിനുള്ള മറ്റൊരു കരാറിലും വില്‍സണ്‍ ഷിപ്പ് മാനേജ്മെന്റ് എഎസ് ഒപ്പുവച്ചു.