ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയം നിർമാണോദ്ഘാടനം ഇന്ന്
1545809
Sunday, April 27, 2025 5:05 AM IST
ആലുവ: പതിനൊന്ന് വർഷം മുമ്പ് തറക്കല്ലിട്ടിട്ടും ഫണ്ട് ലഭിക്കാതെ നീണ്ടുപോയ ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനാകുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരും പങ്കെടുക്കും.
50 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്നും 30 കോടി രൂപ അനുവദിച്ചതോടെയാണ് കെട്ടിട സമുച്ചയം യാഥാർഥ്യമാവുന്നത്. ശേഷിച്ച 20 കോടി രൂപയിൽ 15 കോടി കേരള സർക്കാരും, അഞ്ച് കോടി ആലുവ മുനിസിപ്പാലിറ്റിയും വഹിക്കും.
ബാങ്ക് വായ്പ സ്വീകരിച്ച് രണ്ടരയേക്കർ ഭൂമിയിൽ കെട്ടിട സമുച്ചയം നിർമിക്കാമെന്ന പ്രതീക്ഷയിലാണ് 2014ൽ പഴയ കെട്ടിടം പൊളിച്ചു കളഞ്ഞത്. എന്നാൽ സ്ഥലത്തിന്റെ ആധാരം കാണാതായതോടെ വായ്പാ വാഗ്ദാനത്തിൽ നിന്ന് ബാങ്ക് പിൻമാറി. പിന്നീട് കിഫ്ബിയും വിവിധ സർക്കാർ ഏജൻസികളും താത്പര്യം കാണിച്ചെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ അനിശ്ചിതത്വത്തിലായ പദ്ധതി പരിഗണിച്ച് 30 കോടി അനുവദിച്ചത്.
പുതുതായി നിർമിക്കുന്ന മാർക്കറ്റിന്റെ രൂപരേഖ പ്രകാരം ബേസ്മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, മെസാനിൻ ഫ്ലോർ, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിർമാണം. മൽസ്യ-മാംസാദികൾ ശീതീകരിച്ച് സൂക്ഷിക്കുന്നതിനും ഇവിടെ സൗകര്യം ഉണ്ടായിരിക്കും. മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ്മെന്റ് പ്ലാന്റും രൂപരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.