കൊച്ചിക്ക് നവ്യാനുഭവമായി മിഡ്നൈറ്റ് മാർക്കറ്റ്
1539949
Sunday, April 6, 2025 4:08 AM IST
കൊച്ചി: നവ സംരംഭകരായ സ്ത്രീകളുടെ കൂട്ടായ്മയിൽ കൊച്ചിയിൽ വെൻ മിഡ്നൈറ്റ് മാർക്കറ്റിനു (വെൻഡർലാൻഡ്) തുടക്കം. സ്ത്രീസംരംഭകർ തയാറാക്കിയ വ്യത്യസ്ത ഇനം വസ്ത്രങ്ങൾ, ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയുമാണ് രണ്ടു ദിവസത്തെ മിഡ്നൈറ്റ് മാർക്കറ്റിലുള്ളത്.
വുമണ്‍ ഓണ്‍ട്രപ്രണേഴ്സ് നെറ്റ്വർക്ക് കൊച്ചിന് ചാപ്റ്ററാണ് എറണാകുളം രാജേന്ദ്രമൈതാനിയിൽ വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. കൊച്ചിയെ സന്തോഷങ്ങളുടെ സംഗമസ്ഥാനം എന്നതിനപ്പുറം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം എന്നുകൂടി ജനങ്ങളെ ബോധവത്കരിക്കുകയും മിഡ്നൈറ്റ് മാർക്കറ്റിന്റെ ലക്ഷ്യമാണെന്ന് സംഘാടകയായ നിമിൻ ഹിലാൽ പറഞ്ഞു.
ഹൈബി ഈഡൻ എംപി വെൻഡർലാൻഡ് ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ സാംസ്കാരികമായ മാറ്റമാണ് നൈറ്റ് മാർക്കറ്റ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് രംഗത്ത് ക്രിയാത്മകമായാണ് വനിതകൾ ചിന്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംരംഭകയായ ഷീല കൊച്ചൗസേപ്പ് ആദ്യ വില്പന നടത്തി.
നൈറ്റ് മാർക്കറ്റ് ഇന്നും തുടരും. വൈകുന്നേരം നാലു മുതൽ രാത്രി 12 വരെയാണ് മിഡ് നൈറ്റ് മാർക്കറ്റ്. രാത്രി 11 മുതല്‍ 12 വരെ നിശബ്ദ നൃത്തവിരുന്നായ സൈലന്റ് ഡിസ്കോ ഉണ്ടാകും.