യാത്രാ ദുരിതത്തിന് പരിഹാരം; 11 അടി വീതിയിൽ പുതിയ റോഡ്
1539990
Sunday, April 6, 2025 4:39 AM IST
മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് മൂന്നാം വാർഡിലെ കൂറ്റംകുഴി - മണ്ഡപത്തിൽ ഭാഗം പ്രദേശത്തെ കുടുംബങ്ങളുടെ യാത്ര ദുരിതത്തിന് ശാപമോക്ഷമായി. ദീർഘകാലമായി ദുർഘടമായ വഴിയിലൂടെ മാത്രം സഞ്ചരിച്ചവർക്ക് വാഹന ഗതാഗതത്തിന് അനുയോജ്യമായ വഴിയെന്ന സ്വപനം യഥാർഥ്യമായി.
രണ്ട് അടി മാത്രം വീതിയുണ്ടായിരുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു നാട്ടുകാരുടെ സഞ്ചാരം. രോഗികളും പ്രായമായവരും വർഷങ്ങളായി ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഡെൻകെയർ ഉടമയോട് നടത്തിയ അഭ്യർഥനയെ തുടർന്ന് 100 മീറ്ററോളം വരുന്ന സ്ഥലം റോഡിനായി ഡെൻകെയർ ഉടമ ജോണ് കുര്യാക്കോസ് സൗജന്യമായാണ് വിട്ടുനൽകിയത്.
ചില സ്ഥലങ്ങൾ വിലയ്ക്ക് വാങ്ങുകയും ചെയ്തു. 11 അടി വീതിയിലാണ് 300 മീറ്ററിൽ പുതിയ റോഡ് നിർമിച്ചിട്ടുള്ളത്. ഡെൻകെയർ ചെയർമാൻ ജോണ് കുര്യാക്കോസ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി അധ്യക്ഷത വഹിച്ചു.