ദുരന്തരക്ഷാ കിടക്ക വികസിപ്പിച്ച് ഐസാറ്റ് വിദ്യാർഥികൾ
1539958
Sunday, April 6, 2025 4:22 AM IST
കളമശേരി: പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള അടിയന്തര രക്ഷാ സംവിധാനങ്ങളുടെ ആവശ്യകത മനസിലാക്കി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐസാറ്റ്) മെക്കാനിക്കൽ എൻജിനീയറിംഗ് അവസാന വർഷ വിദ്യാർഥികൾ ദുരന്ത രക്ഷാ കിടക്ക വികസിപ്പിച്ചു.
ഈ പ്രോജക്റ്റിന് പ്രഫ. ഡോ. ടി. നാമദാസ് ആണ് മാർഗനിർദ്ദേശം നൽകിയത്. വിദ്യാർഥികളായ അബി അപ്പച്ചൻകുട്ടി, ആദിത്യൻ, കെ.എ.ആറ്റ്ലിൻ, ഷാരോൺ ഷാ എന്നിവരാണ് ഈ പ്രോജക്റ്റിന്റെ പിന്നിലെ സാങ്കേതികപ്രതിഭകൾ. ഭൂചലനങ്ങളോ മറ്റു ദുരന്തങ്ങളോ സംഭവിച്ചപ്പോൾ പരിക്കേറ്റവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുന്നതിനും ഈ കിടക്ക സഹായിക്കും.
കിടക്ക സുരക്ഷിതമായ മുറിയിലേക്ക് സ്വയം നീങ്ങാൻ കഴിയുന്ന സ്വയം ക്രിയാത്മക സംവിധാനവും പരിക്കേറ്റവരുടെ ആരോഗ്യനില നിരീക്ഷിച്ച് അത്യാഹിത വിഭാഗങ്ങളിലേക്ക് വിവരം അയയ്ക്കുന്ന ഇന്റലിജന്റ് സെൻസർ സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിടക്കയോടൊപ്പം വഹിക്കാൻ പറ്റുന്ന ഓക്സിജൻ സിലിണ്ടറുകൾ, മെഡിക്കൽ കിറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥികളുടെ ഈ സംരംഭം സമൂഹത്തിലെ ദുരന്തനിവാരണ രംഗത്ത് പുതിയ ചുവടുവയ്പായി കരുതപ്പെടുന്നു. ആശയത്തിന്റെ നവീനതയും പ്രായോഗിക പ്രാധാന്യവും പരിഗണിച്ച് വിവിധ സാങ്കേതികപ്രവർത്തകരും ശാസ്ത്രജ്ഞരും ഇതിനെ അഭിനന്ദിച്ചിരുന്നു. പ്രോജക്ട് കൂടുതൽ വികസിപ്പിച്ച് വിപണിയിൽ കൊണ്ടുവരുന്നതിനുള്ള സാധ്യതകളും ആലോചനയിലുണ്ട്.