ശ്രേഷ്ഠ ബാവയ്ക്ക് അനുമോദനം
1539983
Sunday, April 6, 2025 4:39 AM IST
കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം മാർത്തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൽക്കുരിശിന്റെ പടിഞ്ഞാറു വശത്തുള്ള എൽദോ മാർ ബസേലിയോസ് നഗറിൽനിന്നു വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, ട്രസ്റ്റിമാരായ കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട്, സഹവികാരിമാർ, മാനേജിംഗ് കമ്മിറ്റി, ഭക്ത സംഘടന, കുടുംബ യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബാവയെ വരവേറ്റു.
എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കൽ ധൂപാർപ്പണത്തിനുശേഷം കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ആന്റണി ജോണ്, എൽദോസ് കുന്നപ്പിള്ളി, ടി.യു. കുരുവിള, നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, എ.ജി. ജോർജ് എന്നിവർ പ്രസംഗിച്ചു. പള്ളിയിൽനിന്നു സ്നേഹോപകാരമായി അംശവടിയും സ്ലീബായും സ്വർണമാലയും വികാരിയും ട്രസ്റ്റിമാരും ചേർന്ന് സമർപ്പിച്ചു.
പരിശുദ്ധ സഭയിൽ ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനുള്ള എല്ലാ പരിശ്രമവും തുടരുമെന്നും എല്ലാ ദൈവാലയങ്ങളോടും ദൈവജനത്തോടുംകൂടെ ഉണ്ടായിരിക്കുമെന്നും ശ്രേഷ്ഠ ബാവ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മെത്രാപ്പോലീത്തമാരായ ഏലിയാസ് മാർ യൂലിയോസ്, മാത്യൂസ് മാർ തീമോത്തിയോസ്, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മർക്കോസ് മാർ ക്രിസ്റ്റോഫോറസ്, വൈദികർ, സന്യാസിനിമാർ, രാഷ്ട്രീയ സാമുദായിക സാംസ്കാരിക പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.