മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത കലാലയ പുരസ്കാരം നിർമല കോളജിന്
1539988
Sunday, April 6, 2025 4:39 AM IST
മൂവാറ്റുപുഴ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ മികച്ച ഹരിത കലാലയ പുരസ്കാരം നിർമല കോളജിന്. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന പുരസ്കാര ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎയിൽനിന്ന് കോളജ് വൈസ് പ്രിൻസിപ്പൽ ജിജി കെ. ജോസഫ് പുരസ്കാരം ഏറ്റുവാങ്ങി.
കോളജിന് ലഭിക്കുന്ന മൂന്നാമത്തെ ഹരിത കലാലയ പുരസ്കാരമാണിത്. മുന്പ് ഹരിത കേരള മിഷൻ എറണാകുളം ജില്ലയിലെ മികച്ച കോളജുകളിലൊന്നായും ആവോലി പഞ്ചായത്തിലെ മികച്ച ഹരിത കലാലയമായും കോളജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോളജിൽ നടത്തിയ ഗ്രീൻ കാന്പസ് പരിശോധനയിൽ എല്ലാ വിഭാഗത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗ്രീൻ കാന്പസ് സർട്ടിഫിക്കറ്റ് ലഭിച്ചത്.