വള്ളിക്കട - നടുക്കര റോഡ് : ടാറിംഗ് പൊളിഞ്ഞ് യാത്ര ദുരിതത്തിൽ
1540447
Monday, April 7, 2025 4:35 AM IST
വാഴക്കുളം: റോഡിലെ ടാറിംഗ് പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതോടെ നടുക്കര നിവാസികളുടെ സഞ്ചാരം ദുരിതത്തിൽ. ആവോലി പഞ്ചായത്തിലെ വള്ളിക്കട - നടുക്കര റോഡ് ഉപയോക്താക്കളാണ് യാത്രാദുരിതം അനുഭവിക്കുന്നത്. ഒരു കിലോമീറ്ററോളം ദൈർഘ്യത്തിലാണ് റോഡ് പൊളിഞ്ഞിട്ടുള്ളത്.
അടുത്തടുത്ത കുഴികളിൽ വീണുള്ള വാഹനയാത്ര ഏറെ ദുരിതമാണ്. ഇരുചക്ര വാഹന യാത്രക്കാരും ഓട്ടോറിക്ഷ യാത്രികരും ഏറെ കഷ്ടപ്പെടുന്നു. മഴ പെയ്ത് വെള്ളം നിറയുന്ന കുഴികൾ ശ്രദ്ധയിൽപ്പെടാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്.
നടുക്കരയുള്ള എൽപി സ്കൂളിലേക്ക് വരുന്ന കുട്ടികളും ദുരിതമനുഭവിക്കുന്നു. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡ് കുഴിച്ച ഭാഗങ്ങളും കുഴികളായിതന്നെ തുടരുന്നു.
ആവോലി, ആരക്കുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും വളരെ എളുപ്പത്തിൽ എത്താവുന്നതുമായ പ്രധാനപ്പെട്ട റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം അവഗണിക്കപ്പെട്ടു കിടക്കുന്നത്.
എൽപി സ്കൂളിനു പുറമേ നടുക്കര പൈനാപ്പിൾ കമ്പനി, സെന്റ് മാത്യൂസ് പള്ളി, വള്ളിക്കട അമ്പലം എന്നിവിടങ്ങളിലേക്ക് പ്രദേശവാസികൾക്ക് എത്താനുള്ള വഴിയാണ് തകർന്നു കിടക്കുന്നത്.