ആലുവയിലെ അപകട മേഖലയിലെ യു ടേൺ മാറ്റം : ചെലവ് വഹിക്കാനാകില്ലെന്ന് ദേശീയപാത അഥോറിറ്റി
1540433
Monday, April 7, 2025 4:14 AM IST
ട്രാഫിക് പരിഷ്കരണ നടപടികൾക്ക് ദേശീയപാത അഥോറിറ്റിയുടെ അംഗീകാരം
ആലുവ: ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഏറ്റവും തിരക്കേറിയ തോട്ടക്കാട്ടുകര മേഖലയിലെ ട്രാഫിക് പരിഷ്കരണ നിർദ്ദേശങ്ങൾക്ക് ദേശീയ പാത അഥോറിറ്റിയുടെ അംഗീകാരം.
എന്നാൽ പരിഷ്കാരങ്ങൾക്കും നിർമാണങ്ങൾക്കും വരുന്ന ചെലവ് പങ്കിടാനാകില്ലെന്നും സ്പോൺസർമാരെ കണ്ടെത്തി പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും ദേശീയ പാതാ അഥോറിറ്റി റൂറൽ ജില്ലാ പോലീസിനെ അറിയിച്ചു.
റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ കഴിഞ്ഞ മാസം ട്രാഫിക് പരിഷ്കരണങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ യോഗം വിളിച്ചു ചേർത്തിരുന്നു.
തോട്ടക്കാട്ടുകര മേഖലയിലെ പ്രധാന അപകടമേഖലയായ തോട്ടക്കാട്ടുകര സിഗ്നൽ, പറവൂർകവല, സെമിനാരിപ്പടി എന്നിവയിലെ ഗതാഗത സംവിധാനവും ചർച്ചയായിരുന്നു.
സെമിനാരിപ്പടിയിലും തോട്ടക്കാട്ടുകര ജംഗ്ഷനിലും യു ടേൺ ഉള്ളയിടത്ത് ബ്ലൈൻഡ് സ്പോട്ട് ഉള്ളതായാണ് മോട്ടോർ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതൊഴിവാക്കാൻ പുതിയ മീഡിയൻ തുറന്ന് നൽകാനാണ് ദേശീയ പാത അഥോറിറ്റിയോട് അഭ്യർഥിച്ചത്. മീഡിയൻ മാറ്റി സ്ഥാപിക്കാമെന്നും എന്നാൽ നിർമ്മാണം സ്പോൺസർമാരെ കണ്ടെത്തി ചെയ്യാമെന്നാണ് സ്ഥലം സന്ദർശിച്ച ശേഷം എൻ എച്ച് അഥോറിറ്റിയുടെ നിലപാട്.
ഇതിനിടയിൽ മാർത്താണ്ഡവർമ്മ പാലത്തിനും പറവൂർ കവലയ്ക്കും ഇടയിൽ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡ് അനുവദിക്കണന്നാവശ്യവും ശക്തമായിട്ടുണ്ട്. ആലുവയിൽ നിന്നും പറവൂർ മേഖലയിലേക്ക് മാർത്താണ്ഡവർമപ്പാലം കടന്നു പോകുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് നൽകാൻ സർവീസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.
നിലവിൽ റോഡിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ടാർ ചെയ്യേണ്ടതുണ്ട്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ബൈപ്പാസ് മേഖലയിൽ നിന്നും ആരംഭിച്ച് സെമിനാരിപ്പടിയിൽ അവസാനിക്കുന്ന വിധത്തിൽ എലിവേറ്റഡ് ഫ്ലൈ ഓവർ സ്ഥാപിക്കണമെന്ന മറ്റൊരാവശ്യവും റസിഡന്റ്സ് അസോസിയേഷനുകൾ ഉന്നയിച്ചിട്ടുണ്ട്.