മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ
1540278
Sunday, April 6, 2025 11:44 PM IST
കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിനിയെ ലേഡീസ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ജില്ലയിലെ ഉദിനൂർ തടിയൻകോവൽ പുതിയപുരയിൽ പി.പി. ചന്ദ്രൻ- ഗീത ദന്പതികളുടെ മകൾ പി.പി. അന്പിളിയാ (24)ണു മരിച്ചത്. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ്.
ശനിയാഴ്ച രാത്രി 11നു പെണ്‍കുട്ടിയെ ഹോസ്റ്റൽ മുറിയിലെ റൂഫിലെ ഫാനിൽ തൂങ്ങിയ നിലയിൽ മുറിയിൽ ഒപ്പം താമസിക്കുന്ന കൂട്ടുകാരി കണ്ടെത്തിയത്. കൂടെ താമസിക്കുന്ന വിദ്യാർഥിനി പുറത്തുപോയി വന്നപ്പോൾ മുറി അടച്ചിട്ടിരിക്കുകയായിരുന്നു. വിളിച്ചിട്ട് മറുപടിയൊന്നും ലഭിക്കാത്തതിനെത്തുടർന്ന് വിദ്യാർഥിനികൾ വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. വിദ്യാർഥിനി മെഡിക്കൽ കോളജിൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കുന്നുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കളമശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.