വാർഷിക പദ്ധതിയിൽ 100 ശതമാനം തുക ചെലവഴിച്ച് ഏലൂർ നഗരസഭ
1539962
Sunday, April 6, 2025 4:33 AM IST
ഏലൂർ: 2024-25 വാർഷിക പദ്ധതിയിൽ 100 ശതമാനം തുക ചെലവഴിച്ച് ഏലൂർ നഗരസഭ.
ഏലൂർ നഗരസഭയിലെ കൗൺസിലർമാരും ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ വലിയൊരു ഇടപെടലിന്റെ ഭാഗമാണ് ലഭിച്ച പണം നൂറുശതമാനവും നിയോഗിക്കാൻ കഴിഞ്ഞത്.
പദ്ധതികൾ യഥാസമയത്ത് രൂപീകരിച്ച് അവ യഥാസമയത്ത് നടത്തി കൃത്യമായി വാർഷിക പദ്ധതി തുക വിനിയോഗം നടത്തുന്നതിൽ ഏലൂർ നഗരസഭ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചതിന്റെ ഭാഗമാണ് നൂറുശതമാനം തുകയും ചെലവഴിക്കാൻ കഴിഞ്ഞത്.
ശുചിത്വ -മാലിന്യ സംസ്കരണ -ആരോഗ്യ-മേഖലകളിൽ മുഴുവൻ തുകയും ചെലവഴിക്കുകയും ഇതിലൂടെ ഈ മേഖലയിലെ സംസ്ഥാനത്തെ മികച്ച നഗരസഭയായി മാറാൻ കഴിഞ്ഞു. പശ്ചാത്തല മേഖലയിൽ നഗരത്തിന്റെ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം കൊടുത്തത്.
ഭവനരഹിതർക്കുളള ലൈഫ് പദ്ധതിയും അതിദരിദ്രർക്ക് ആയിട്ടുള്ള സ്നേഹവീട് പദ്ധതിയും ഏറെ ശ്രദ്ധേയമാണ്.കൂടുതൽ പൊതു ഇടങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായും, പൊതു കുളങ്ങൾ ശുചീകരിച്ചും നവീകരിച്ചും പദ്ധതികൾ രൂപവത്കരിച്ചിരുന്നു.
ഏലൂർ നഗരസഭയ്ക്ക് 100 ശതമാനം വാർഷിക പദ്ധതി ചിലവഴിക്കാൻ കഴിഞ്ഞതിൽ ജനപ്രതിനിധികൾ ജീവനക്കാർ ആസൂത്രണ സമിതി അംഗങ്ങൾ പൊതുജനങ്ങൾ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.