വടക്കേക്കരയിൽ മാല്യങ്കര പാലത്തിന് അടിയിലുള്ള മണൽ ഷട്ടർ നിർത്തുന്നു
1539968
Sunday, April 6, 2025 4:33 AM IST
പറവൂർ : വടക്കേക്കര പഞ്ചായത്ത് മാല്യങ്കര പാലത്തിന്റെ അടിയിലായി നടത്തിക്കൊണ്ടിരുന്ന മണൽ ഷട്ടർ നിർത്താൻ തീരുമാനിച്ചു. ഷട്ടറിന്റെ കാലാവധി തീർന്നതിനെ തുടർന്ന് പുതുക്കി നൽകണമെന്ന കരാറുകാരന്റെ അപേക്ഷ ചർച്ച ചെയ്യവെയാണ് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഷട്ടർ നിർത്തിവയ്ക്കാൻ കമ്മിറ്റി തീരുമാനിച്ചത്.
മാല്യങ്കര പാലത്തിന്റെ അടിയിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് വടക്കേക്കര പഞ്ചായത്ത് മണൽ ഷട്ടർ നടത്തിയിരുന്നത്. 50 ലക്ഷത്തോളം രൂപയുടെ മണൽ പ്രതിമാസം ഇവിടെ നിന്ന് കയറ്റി കൊണ്ടുപോയിരുന്നു.
കരാറുകാരൻ പഞ്ചായത്തിന് തുച്ഛമായ സംഖ്യയാണ് നൽകിയിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് പഞ്ചായത്ത് നടത്തുന്ന മണൽ ഷട്ടർനിർത്തണമെന്നു പൊതുമരാമത്ത് വകുപ്പ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.
സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച വ്യക്തമായ തീരുമാനം വന്നതിനുശേഷം മാത്രമേ പഞ്ചായത്തിന് ഇനി ഷട്ടർ തുടർന്ന് നടത്തുവാൻ കഴിയു. ഭരണകക്ഷിയിൽപ്പെട്ട സിപിഎം അംഗങ്ങളും ബിജെപി പ്രതിനിധികളും ഷട്ടർ തുടരണം എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി.കെ. ഷാരി, പി.എം. ആന്റണി, ജില്‍ജോ, കെ ടി നിതിൻ, ലൈജു ജോസഫ്, ബിനോയ് എന്നീ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു