കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തമായി പ്രഖ്യാപിച്ചു
1540448
Monday, April 7, 2025 4:35 AM IST
കോതമംഗലം: സമ്പൂർണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി കോതമംഗലത്തിനെ പ്രഖ്യാപിച്ചു. ടൗണിൽ നടന്ന വിളംബര റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഫ്ലാഗ് ഓഫ് ചെയ്തു. ആയിരത്തോളം വരുന്ന സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര റാലി മാലിന്യമില്ലാത്ത മലയാളനാട് എന്ന സന്ദേശം നൽകുന്നതായിരുന്നു.
10 പഞ്ചായത്തുകളിൽ നിന്നുള്ള അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ ഉൾപ്പെടെ 1000ൽ അധികം വോളണ്ടിയർമാരാണ് വിളംബര റാലിയിൽ അണിനിരന്നത്.
കോതമംഗലം മുനിസിപ്പൽ ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി കെഎസ്ആർടിസി ജംഗ്ഷനിൽ സമാപിച്ചു.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോമ്പി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളായ നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, പല്ലാരിമംഗലം, പോത്താനിക്കാട്, പൈങ്ങോട്ടൂർ, വാരപ്പെട്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിരുന്നു.