66 ശതമാനം അധിക മഴ : എന്നിട്ടും ജില്ല ചൂടിൽതന്നെ
1540431
Monday, April 7, 2025 4:01 AM IST
കൊച്ചി: ജില്ലയിൽ 66 ശതമാനം അധിക മഴ ലഭിച്ചിട്ടും ചൂടിന് കുറവില്ല. മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ 88.7 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഈ കാലയളവില്‍ 53.3 മില്ലി മീറ്റര്‍ മഴയാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടിയിരുന്നത്. "ലാനിന' എന്ന പ്രതിഭാസം മൂലമാണ് വേനല്‍മഴ അധികമായി ലഭിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി കുറയുന്നതാണ് ലാനിന പ്രതിഭാസത്തിന് കാരണം.
ലാനിനയുടെ പ്രവര്‍ത്തനം എല്‍നിനോയുടെ മാറ്റങ്ങള്‍ക്ക് വിപരീതമാണ്. മഴ അധികം ലഭിച്ചെങ്കിലും ജില്ലയില്‍ ചൂടിന് കുറവില്ല. ഇന്നലെ കൊച്ചിയിലെ ഉയര്‍ന്ന താപനില 32.2 ഡിഗ്രി സെല്‍ഷസ് ആണ്.
അതിനടെ ചൂട് വര്‍ധിച്ചതോടെ ജില്ലയിലെ തീപിടിത്ത സംഭവങ്ങളും വര്‍ധിച്ചു. കഴിഞ്ഞ മാസം മാത്രം മുപ്പതില്‍ അധികം കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ക്കു പുറമേ, ഷോര്‍ട്ട് സർക്യൂട്ട് മൂലം വീടുകളിലും വലിയ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവ അഗ്നിക്കിരയാകുന്നതും പതിവായിരിക്കുകയാണ്. തീപിടിത്തങ്ങള്‍ വര്‍ധിച്ചതോടെ ഓരോ ഫയര്‍ സ്റ്റേഷനും അവരവരുടെ പരിധിയിലുള്ള ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി നിരീക്ഷണം നടത്താനും ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇതുവരെ 600ഓളം ഫോണ്‍കോളുകളാണ് ലഭിച്ചിട്ടുള്ളത്.