ഞെരിയാംകുഴി പാലം നിർമാണോദ്ഘാടനം ഇന്ന്
1540454
Monday, April 7, 2025 4:35 AM IST
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ മഴുവന്നുർ - ഐക്കരനാട് പഞ്ചായത്തുകളുടെ അതിർത്തിയിൽ ഞെരിയാംകുഴി - കടയ്ക്കനാട് റോഡിൽ 55 ലക്ഷം രൂപ വിനിയോഗിച്ച് പുനർനിർമിക്കുന്ന ഞെരിയാംകുഴി പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് പി.വി. ശ്രീനിജിൻ എംഎൽഎ നിർവഹിക്കും. മാങ്ങാട്ടൂർനിന്നും പെരുവംമൂഴിയിൽ എത്തി മൂവാറ്റുപുഴയാറിലേക്ക് പതിക്കുന്ന തോടിന് കുറുകെയുള്ള ഈ പാലത്തിന് ഏകദേശം 50 വർഷത്തോളം പഴക്കമുണ്ട്.
സമീപത്തെ കമ്പനികളിലേക്കുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന പാലത്തിന്റെ ഒരു ഭാഗത്തെ സുരക്ഷാഭിത്തിയും കരിങ്കൽകെട്ടും കൈവരിയുടെ ഒരു ഭാഗവും തകർന്ന നിലയിലാണ്. അപകടസാധ്യതയും ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി അടിയന്തരമായി പാലം പുനർനിർമിക്കേണ്ടതിന്റെ ആവശ്യകത സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയാണ് പുനർനിർമാണത്തിന് ആവശ്യമായ തുക ലഭ്യമാക്കിയത്.
പാലം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ കരിങ്കൽകൊണ്ട് നിർമിച്ചിരുന്ന പാലത്തിന്റെ ഫൗണ്ടേഷനും സംരക്ഷണ ഭിത്തിയും പൂർണമായും കോൺക്രീറ്റ് ഉപയോഗിച്ച് പുനർനിർമിക്കും.
പാലത്തിന് ആറ് മീറ്ററിൽ കൂടുതൽ നീളമുള്ളതുകൊണ്ട് ബോക്സ് കൾവർട്ട് രീതിയിലായിരിക്കും നിർമാണം കൂടാതെ പാലത്തിന്റെ അപ്രോച്ച് റോഡിൽ ടൈൽ വിരിക്കുമെന്നും എംഎൽഎ അറിയിച്ചു. പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യമാണ് ഇതോടെ സാക്ഷാത്കരിക്കുന്നത്. തുടർ നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.