ശുചിത്വ സാഗരം, സുന്ദര തീരം രണ്ടാംഘട്ടം 11ന്; ജില്ലയിൽ ശുചീകരണം 46 കിലോമീറ്ററിൽ
1540427
Monday, April 7, 2025 4:01 AM IST
വൈപ്പിൻ: ശുചിത്വ സാഗരം, സുന്ദര തീരം - 2025 രണ്ടാം ഘട്ടം ഏകദിന തീര ശുചീകരണ കാമ്പയിൻ ജില്ലയിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടത്തും. 11 ന് രാവിലെ ഏഴു മുതൽ 11 വരെയാണ് കേരളത്തിലെമ്പാടുമായി 590 കിലോമീറ്റർ നീളത്തിൽ തീരദേശ ശുചീകരണ കാമ്പയിൻ നടക്കുക.
ജില്ലയിൽ തീരദേശ മണ്ഡലങ്ങളായ കൊച്ചിയിലും വൈപ്പിനിലും ഉൾപ്പെട്ട 46 കിലോമീറ്ററിലാണ് ശുചീകരണം നടക്കുക. എംഎൽഎമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. 25 വോളണ്ടിയർമാർ വീതം ഉൾപ്പെട്ട ആക്ഷൻ ഗ്രൂപ്പുകൾ ശുചീകരണത്തിനു നേതൃത്വം നൽകും.
എൻഎസ്എസ്, എൻസിസി, ഹരിതകർമ സേന, കുടുംബശ്രീ, യുവജന ക്ലബുകൾ, മത്സ്യത്തൊഴിലാളി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവ പങ്കെടുക്കും. 1150 പേർ വേണ്ടതിൽ 1418 പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാലിന്യശേഖരണം, ഡിസ്പോസൽ എന്നിവയ്ക്ക് ശുചിത്വ കേരള മിഷൻ, ക്ലീൻ കേരള കമ്പനി, എൽഎസ്ജിഡി, എച്ച്ഇഡി എന്നിവയുടെ സഹകരണമുണ്ടാകും. സാഫ്, അഡാക്ക്, തീരദേശ വികസന കോർപ്പറേഷൻ, എഫ്എസ്ഐ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങൾ ഫണ്ടും സേവനങ്ങളും നൽകും. 5,08,082 രൂപയാണ് ജില്ലാതല എസ്റ്റിമേറ്റ്.