പൊങ്ങൻചുവട് ഗിരിവർഗ സങ്കേതത്തിൽ സുഗന്ധവ്യഞ്ജന ഗ്രാമം പദ്ധതി തുടങ്ങി
1540457
Monday, April 7, 2025 4:40 AM IST
പെരുമ്പാവൂർ: എറണാകുളം ജില്ലാപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഗിരിവർഗ സങ്കേതങ്ങളിൽ നടപ്പിലാക്കുന്ന സുഗന്ധവ്യഞ്ജന ഗ്രാമം പദ്ധതി പൊങ്ങൻ ചുവട് ഗിരിവർഗ സങ്കേതത്തിൽ ആരംഭിച്ചു.
ആദ്യഘട്ടത്തിൽ പൊങ്ങൻ ചുവടിൽ 25 ഏക്കർ സ്ഥലത്ത് മഞ്ഞൾ, ഇഞ്ചി എന്നീ കൃഷികളാണ് സുഗന്ധവ്യഞ്ജന ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്. 126 കുടുംബങ്ങൾ താമസിക്കുന്ന പൊങ്ങൻ ചുവട് സങ്കേതത്തിൽ വന്യമൃഗ ശല്യം മൂലം ഒരു കൃഷിയും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
വാഴയും കപ്പയുമൊക്കെ ഏക്കർക്കണക്കിന് സ്ഥലത്ത് കൃഷി ചെയ്തിരുന്നെങ്കിലും വിളവെടുപ്പാകുമ്പോഴേക്കുംആനയും കാട്ടുപന്നിയുമടക്കമുള്ള വന്യമൃഗങ്ങൾ ഇത് നശിപ്പിക്കുന്നത് പതിവാണ്.
ഈ സാഹചര്യത്തിലാണ് മഞ്ഞൾ, ഇഞ്ചി, കച്ചോലം, കുരുമുളക്, രാമച്ചം തുടങ്ങിയ സുഗന്ധ വ്യഞ്ജന കൃഷികൾ ഗിരിവർഗ സങ്കേതങ്ങളിൽ ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലമൊരുക്കൽ പൂർത്തിയാക്കിയതിനെ തുടർന്നാണ് കൃഷി ആരംഭിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, എ.എസ്. അനിൽകുമാർ, ഷൈമി വർഗീസ്, ശാരദ മോഹൻ, റഷീദ സലീം, ലിസി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടാം ഘട്ടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ 12 ഗിരിവർഗ സങ്കേതങ്ങളിൽ ഈ മാസം ഒന്പതിന് മഞ്ഞൾ, ഇഞ്ചി വിത്തുകളുടെ വിതരണം നടക്കും.