മൂവാറ്റുപുഴ നഗരത്തിലെ സ്വകാര്യ ലാബ് ഇരട്ടി തുക ഈടാക്കുന്നതായി പരാതി
1539985
Sunday, April 6, 2025 4:39 AM IST
മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ലാബ് രക്ത പരിശോധനയ്ക്കും മറ്റ് പരിശോധനകൾക്കുമായി മറ്റു ലാബുകളെ അപേക്ഷിച്ച് ഇരട്ടി തുക ഈടാക്കുന്നതായി താലൂക്ക് സഭയിൽ പരാതി. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെടുവാൻ താലൂക്ക് സഭ തീരുമാനമെടുത്തു.
കൂടാതെ വർധിച്ചുവരുന്ന ലഹരി വിതരണത്തിനും ഉപയോഗത്തിനുമെതിരെ ജാഗ്രത പാലിക്കുന്നതിനും കൃത്യമായ പരിശോധന നടത്തി നടപടിയെടുക്കുന്നതിനും പോലീസിനും, എക്സൈസ് വകുപ്പിനും നിർദേശം നൽകി.
നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടിയെടുക്കുന്നതിന് ട്രാഫിക് പോലീസിനും റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് കെആർഎഫ്ബി ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. യോഗത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.