ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയെന്ന്; പോലീസിനോട് റിപ്പോർട്ട് തേടി കമ്മീഷൻ
1540430
Monday, April 7, 2025 4:01 AM IST
വരാപ്പുഴ: ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കാണിച്ച് വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
കോട്ടുവള്ളി തത്തപ്പിള്ളി വല്യത്ത്പറമ്പിൽ ബിന്ദു സരസനാണു പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 22 നാണു സരസനെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഈ സമയം ദേഹത്തു പലയിടത്തും പരിക്കുണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനയുണ്ടെന്നും കാണിച്ചു വീട്ടമ്മ പറവൂർ പോലീസിൽ പരാതി നൽകിയതായി പറയുന്നു. എന്നാൽ പോലീസ് കാര്യമായ അന്വേഷണം നടത്താതെ സ്വാഭാവിക മരണമായി തള്ളിക്കളഞ്ഞതായി ബിന്ദു ആരോപിച്ചു.
തുടർന്നാണു മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ട്.